പ്രതീകാത്മക ചിത്രം.
പത്തനംതിട്ട മെഴുവേലിയില്‍ നവജാതശിശുവിനെ അമ്മ കൊലപ്പെടുത്തിയതാകാമെന്ന ആരോപണത്തില്‍ വഴിത്തിരിവ്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. വീട്ടിലെ ശുചിമുറിയില്‍ മറ്റാരും അറിയാതെയാണ് യുവതി പ്രസവിച്ചത്. തുടര്‍ന്ന് പൊക്കിള്‍കൊടി ഇരുപത്തിയൊന്നുകാരി സ്വയം മുറിച്ചു. ഇതിനിടെ യുവതി തലകറങ്ങിവീണു. ALSO READ; ബ്ലീഡിംങ് നില്‍ക്കുന്നില്ല, പരിശോധിച്ചപ്പോള്‍ മറുപിള്ള പുറത്തെന്ന് കണ്ടെത്തി; പ്രസവിച്ച ഉടന്‍ കുഞ്ഞിനെ പറമ്പില്‍ ഉപേക്ഷിച്ചു
ഈ സമയം കയ്യിലിരുന്ന കുഞ്ഞ് താഴെ വീണു. തറയില്‍ തലയിടിച്ചാണ് കുഞ്ഞ് മരിച്ചത്. നേരത്തെ കുഞ്ഞിനെ യുവതി കൊലപ്പെടുത്തിയതാകാം എന്നൊരു സംശയം നിലനിന്നിരുന്നു. ഈ രീതിയിലാണ് പൊലീസ് അന്വേഷണം നീണ്ടതും. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് കൊലപാതക സാധ്യതയില്ലെന്ന നിഗമനത്തിലാണ പൊലീസ്. നവജാതശിശുവിന്‍റേത് കൊലപാതകമാണെന്ന് പറയാന്‍ കഴിയില്ലെന്നാണ് പൊലീസിന്‍റെ റിപ്പോര്‍ട്ടും.
രണ്ടു ദിവസം മുന്‍പാണ് വീട്ടില്‍ പ്രസവിച്ച യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. കുഞ്ഞിന്‍റെ മൃതദേഹം പറമ്പില്‍ ഉപേക്ഷിച്ചതായി യുവതിയാണ് ഡോക്ടറോട് പറഞ്ഞത്. പൊലീസ് പരിശോധനയില്‍ സമീപത്തുള്ള അടച്ചിട്ടിരുന്ന വീടിന്‍റെ പിൻവശത്തെ വാഴയുടെ ചുവട്ടില്‍ ചേമ്പിലയിൽ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിലാണ് നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയതിനാല്‍ കൊലപാതകമാണെന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ തലകറങ്ങിവീണപ്പോള്‍ കുഞ്ഞിന്‍റെ തല നിലത്തടിച്ച് മരണപ്പെടാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.