വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് ശമനമില്ല. കാസര്‍കോട് കനത്തമഴയില്‍ കാല്‍തെന്നി വീണ് പരുക്കേറ്റയാള്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് ശക്തമായ കാറ്റില്‍ വ്യാപകനാശനഷ്ടമുണ്ടായി. കോഴിക്കോട് രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.
കാസര്‍കോട് ഉപ്പള സ്വദേശി കൊറഗപ്പ ഷെട്ടിയാണ് കനത്ത മഴയില്‍ കാല്‍തെന്നി വീണ് മരിച്ചത്. മീഞ്ചയില്‍ കുന്നിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. കുടുംബത്തെ മാറ്റിപാര്‍പ്പിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് തച്ചനാട്ടുകര ചെത്തല്ലൂരില്‍ വീശിയടിച്ച കാറ്റില്‍ വീടുകള്‍ക്ക് മുകളില്‍ മരം വീണു. നിരവധി വൈദ്യുതി പോസ്റ്റുകള്‍ വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു.
കോഴിക്കോട് പേരാമ്പ്രയില്‍ ഇഎംഎസ് സഹകരണ ആശുപത്രിക്ക് സമീപം മതില്‍ ഇടിഞ്ഞുവീണു. പത്തുമീറ്ററോളം ഉയരമുള്ള മതിലാണ് ഇടിഞ്ഞത്. ആര്‍ക്കും പരുക്കില്ല.
വടകരയില്‍ കുളത്തിന്‍റെ അരികിടിഞ്ഞ് പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞു. ലോറി മുങ്ങിപോയെങ്കിലും ഡ്രൈവര്‍ ഫൈസല്‍ നീന്തി രക്ഷപ്പെട്ടു. തോട്ടുമുക്കം പനമ്പിലാവ് പാലത്തില്‍ നിന്ന് കാര്‍ പുഴയിലേക്ക് വീണു. മലപ്പുറം കടുങ്ങല്ലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരുക്കില്ല. യാത്രക്കാര്‍ നീന്തി രക്ഷപ്പെട്ടു. കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാംപുകളിലായി 11 പേരെ മാറ്റിപാര്‍പ്പിച്ചു.