നിലമ്പൂർ നാളെ പോളിങ് ബൂത്തിലേക്ക്. നിശബ്ദ പ്രചാരണ ദിവസവും ഓരോ വോട്ടും ഉറപ്പിക്കാൻ അരയും തലയും മുറുക്കിയുള്ള ഓട്ടത്തിലാണ് സ്ഥാനാർഥികൾ. നാളെ രാവിലെ ഏഴു മുതൽ പോളിങ് ആരംഭിക്കും.
2,32,384 വോട്ടർമാർ. ഒരു നഗരസഭയും 7 ഗ്രാമ പഞ്ചായത്തുകളും. പരന്നു കിടക്കുന്ന മണ്ഡലത്തിൽ അവസാന നിമിഷവും ഓരോ വോട്ടും സ്വന്തമാക്കാനുളള കഠിന പ്രയത്നത്തിലാണ് സ്ഥാനാർഥികളും മുന്നണികളും. മുണ്ടേരി ഫാമിലെ തൊഴിലാളികളെ കാണാനും മുഖത്തേടത്തെ കോളേജിൽ എത്തി വിദ്യാർഥികളെയും ജീവനക്കാരെയും നേരിൽ കണ്ട് പിന്തുണ തേടാനുമാണ് ആര്യാടൻ ഷൗക്കത്ത് രാവിലെ എത്തിയത്.
വിജയം ഉറപ്പായെന്ന് എൽഡിഎഫ് സ്ഥാനാർഥി സ്വരാജ്. നിലമ്പൂരിൽ സിപിഎം പണം കൊടുത്ത് വോട്ട് വാങ്ങുന്നു എന്ന് പി വി അൻവർ ആരോപിച്ചു. നിലമ്പൂരിൽ ഒടുവിലത്തെ രണ്ടു ദിവസത്തെ പ്രചാരണാവേശം തന്നെ വിജയം ഉറപ്പാക്കിയതിന്റെ സൂചനയാണെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. 263 ബൂത്തുകളിലേക്കുമുള്ള പോളിങ് സാമഗ്രികളുടെ വിതരണത്തിന് ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലാണ് സൗകര്യം ഒരുക്കിയത്.