സംസ്ഥാന പൊലീസ് മേധാവി തിരഞ്ഞെടുപ്പ് നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ, പട്ടികയിലുള്ള യോഗേഷ് ഗുപ്തയും സര്‍ക്കാരും തമ്മില്‍ തെറ്റുന്നു. സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ പരാതി നല്‍കി യോഗേഷ് ഗുപ്ത. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകാനുള്ള ക്ളീയറന്‍സ് സര്‍ട്ടിഫിക്കറ്റ് മനപ്പൂര്‍വം വൈകിപ്പിക്കുന്നതായാണ് പരാതി. അതിനിടെ റവാഡാ ചന്ദ്രശേഖര്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും.
പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനായി യു.പി.എസ്.സി തയാറാക്കുന്ന ചുരുക്കപ്പട്ടികയില്‍ ഉറപ്പായും ഇടംപിടിക്കുന്നയാളാണ് യോഗേഷ് ഗുപ്ത. ഒരു മാസം മുന്‍പ് വരെ പൊലീസ് മേധാവിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നതും അദേഹത്തിനായിരുന്നു. എന്നാല്‍ വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് പൊടുന്നനെ ഫയര്‍ഫോഴ്സിലേക്ക് മാറ്റിയതോടെ യോഗേഷും സര്‍ക്കാരും തമ്മിലുള്ള അകല്‍ച്ച തുടങ്ങി.
നവീന്‍ ബാബു ആത്മഹത്യാ കേസില്‍ പി.പി.ദിവ്യക്കെതിരെ സ്വീകരിച്ച നടപടികളാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചതെന്ന് യോഗേഷ് ഗുപ്തയെ അനുകൂലിക്കുന്നവര്‍ പറയുമ്പോള്‍ ചില ഫയലുകള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ സി.ബി.ഐക്ക് കൈമാറിയതാണ് പ്രശ്നമെന്ന് മറ്റൊരു വിഭാഗം ആരോപിക്കുന്നു. ഇതോടെ പൊലീസ് മേധാവിയാക്കില്ലെന്ന് ഏതാണ്ട് ഉറപ്പായ യോഗേഷ് ഗുപ്ത കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടര്‍ പോലുള്ള പ്രധാന പദവിയിലേക്ക് അദേഹത്തെ കേന്ദ്രം പരിഗണിക്കുന്നുമുണ്ട്. ഇതിനായി സംസ്ഥാനം ക്ളീയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. പലതവണ ചീഫ് സെക്രട്ടറിയെ കണ്ടിട്ടും ക്ളീയറന്‍സ് സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം കേന്ദ്രത്തിന് കൈമാറിയില്ല. ഇതോടെയാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോര്‍ട്ടലില്‍ പരാതി നല്‍കുന്ന അപൂര്‍വ നടപടിക്ക് യോഗേഷ് തയാറായത്. പോര്‍ട്ടല്‍ വഴി മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്ന ആദ്യ ഡി.ജി.പിയും യോഗേഷായിരിക്കും.
തുറന്ന പോരാട്ടത്തിലൂടെ യോഗേഷിന്‍റെ സാധ്യതകളടഞ്ഞതോടെ റവാഡാ ചന്ദ്രശേഖറിനാണ് ഡി.ജി.പി സ്ഥാനത്ത് സാധ്യത കൂടുതല്‍. ആ പ്രതീക്ഷ ഉറപ്പിക്കാനാണ് ഇന്ന് അദേഹം മുഖ്യമന്ത്രിയെ നേരില്‍ കാണുന്നത്. മുഖ്യമന്ത്രി അനുകൂല മറുപടി നല്‍കിയില്ലങ്കില്‍ റവാഡാ കേന്ദ്രം നല്‍കിയ സെക്യൂരിറ്റി സെക്രട്ടറിയെന്ന പുതിയ പദവിയില്‍ തുടര്‍ന്നേക്കും. അങ്ങിനെയെങ്കില്‍ മനോജ് എബ്രഹാമിന് വഴിതുറക്കും.