ഡിജിപി യോഗേഷ് ഗുപ്തയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി വീണ്ടും കത്തയച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകാനുള്ള ക്ളീയറന്‍സ് സര്‍ട്ടിഫിക്കറ്റ് എത്രയും വേഗം നല്‍കണമെന്ന് ആവശ്യം. യോഗേഷിനെ കേന്ദ്ര സര്‍ക്കാര്‍ പ്രധാന പദവികളിലേക്ക് പരിഗണിക്കുന്നുണ്ട്. ഇതിനായി സംസ്ഥാനത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ട്. ഇതിന് മുന്‍പ് എട്ടു തവണ ക്ളീയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യം സംസ്ഥാനം തള്ളിയിരുന്നു.
പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനായി യു.പി.എസ്.സി തയാറാക്കുന്ന ചുരുക്കപ്പട്ടികയില്‍ ഉറപ്പായും ഇടംപിടിക്കുന്നയാളാണ് യോഗേഷ് ഗുപ്ത. ഒരു മാസം മുന്‍പ് വരെ പൊലീസ് മേധാവിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നതും അദേഹത്തിനായിരുന്നു. എന്നാല്‍ വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് പൊടുന്നനെ ഫയര്‍ഫോഴ്സിലേക്ക് മാറ്റിയതോടെ യോഗേഷും സര്‍ക്കാരും തമ്മിലുള്ള അകല്‍ച്ച തുടങ്ങിയത്.
നവീന്‍ ബാബു ആത്മഹത്യാ കേസില്‍ പി.പി. ദിവ്യക്കെതിരെ സ്വീകരിച്ച നടപടികളാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചതെന്ന് യോഗേഷ് ഗുപ്തയെ അനുകൂലിക്കുന്നവര്‍ പറയുമ്പോള്‍ ചില ഫയലുകള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ സി.ബി.ഐക്ക് കൈമാറിയതാണ് പ്രശ്നമെന്ന് മറ്റൊരു വിഭാഗം ആരോപിക്കുന്നു. ഇതോടെ പൊലീസ് മേധാവിയാക്കില്ലെന്ന് ഏതാണ്ട് ഉറപ്പായ യോഗേഷ് ഗുപ്ത കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.