ജൂണ്‍ 30ന് കേരളത്തില്‍ പുതിയ പൊലീസ് മേധാവി ചുമതലയെടുക്കും. നിലവിലെ ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുകയാണ്. അടുത്ത ഡി.ജി.പിയെ നിശ്ചയിക്കാനുള്ള നിര്‍ണായക യു.പി.എസ്.സി യോഗം 26ന്(വ്യാഴം) ഡെല്‍ഹിയില്‍ ചേരുകയാണ്. കേരളം കൈമാറിയിരിക്കുന്ന ആറംഗ പട്ടിക പരിശോധിച്ച് മൂന്നംഗ ചുരുക്കപ്പട്ടിക യു.പി.എസ്.സി സംസ്ഥാനത്തിന് കൈമാറും. ഇതില്‍ നിന്നൊരാളെ മുഖ്യമന്ത്രിക്ക് തിരഞ്ഞെടുക്കാം. ഇതോടെ ആരാണ് അടുത്ത പൊലീസ് മേധാവിയെന്ന ചര്‍ച്ച ചൂടുപിടിക്കുമ്പോള്‍ സാധ്യതകള്‍ ഇങ്ങിനെയാണ്.
ചുരുക്കപ്പട്ടികയില്‍ ആരെല്ലാം?
റോഡ് സുരക്ഷാ കമ്മീഷണര്‍ നിതിന്‍ അഗര്‍വാള്‍, കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ സ്പെഷല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം, എസ്.പി.ജി AdGP സുരേഷ് രാജ് പുരോഹിത്, ബറ്റാലിയന്‍ എ.ഡി.ജി.പി M.R.അജിത്കുമാര്‍ എന്നിവരാണ് കേരളം നല്‍കിയ ആറംഗ പട്ടികയിലുള്ളത്. ഈ പട്ടിക യു.പി.എസ്.സി മൂന്ന് പേരായി ചുരുക്കും. നിലവിലെ സാഹചര്യത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കാനാണ് സാധ്യത കൂടുതല്‍.
റവാഡയ്ക്ക് മുന്‍തൂക്കം
നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരില്‍ മൂന്ന് പേരും സര്‍ക്കാരിന് അത്ര വേണ്ടപ്പെട്ടവരല്ല. ഇവരില്‍ പിണറായി സര്‍ക്കാരിനൊപ്പം കൂടുതല്‍ നാള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് യോഗേഷ് ഗുപ്തയാണ്. പക്ഷെ വിജിലന്‍സ് ഡയറക്ടറായിരിക്കെ നടത്തിയ ചില ഇടപെടലുകളുടെ പേരില്‍ യോഗേഷും മുഖ്യമന്ത്രിയും തെറ്റിയിരിക്കുകയാണ്. യോഗേഷിന് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകാനുള്ള ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പോലും തടഞ്ഞുവെച്ചിരിക്കുകയാണ്. അതിനാല്‍ മൂന്നംഗ പട്ടികയില്‍ വന്നാലും യോഗേഷിനെ പൊലീസ് മേധാവി സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിച്ചേക്കില്ല.
അവശേഷിക്കുന്ന രണ്ട് പേരില്‍ നിതിന്‍ അഗര്‍വാളിനോടും സര്‍ക്കാരിന് അടുപ്പവും താല്‍പര്യവും കുറവാണ്. ബി.എസ്.എഫ് ഡയറക്ടറായിരുന്ന അദേഹം കേരളത്തില്‍ തിരിച്ചെത്തിയിട്ട് ഒരു വര്‍ഷമായതേയുള്ളു. റോഡ് സുരക്ഷാ കമ്മീഷണറെന്ന അപ്രധാന പദവിമാത്രമാണ് നല്‍കിയത്. അതുകൊണ്ട് തന്നെ പൊലീസ് മേധാവി പോലുള്ള പ്രധാന പദവിയിലേക്ക് പരിഗണിച്ചേക്കില്ല.
ഇതോടെയാണ് റവാഡയ്ക്ക് നറുക്കുവീഴുന്നത്. അദേഹം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും ഡി.ജി.പിയേയും കണ്ടിരുന്നു.
തടസമാകുമോ കൂത്തുപറമ്പ്?
സാധ്യതകളില്‍ മുന്നിലാണങ്കിലും ചരിത്രം പരിശോധിച്ചാല്‍ സി.പി.എമ്മിന് ശത്രുപക്ഷത്താണ് റവാഡ. കാരണം 5 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ മരണത്തിനും പുഷ്പന് ഗുരുതര പരുക്കും ഏല്‍ക്കാന്‍ ഇടയാക്കിയ 1994 ലെ കൂത്തുപറമ്പ് പൊലീസ് വെടിവെപ്പ് സമയത്ത് അദേഹം കണ്ണൂര്‍ എസ്.പിയായിരുന്നു. അദേഹത്തിനെതിരെ കൊലക്കുറ്റം ചുമത്തി കേസുമെടുത്തിരുന്നു. എന്നാല്‍ 2012ല്‍ ഹൈക്കോടതി കേസ് റദ്ദാക്കി. സി.പി.എം ചരിത്രത്തില്‍ ഇടംപിടിച്ച കൂത്തുപറമ്പ് വെടിവെപ്പില്‍ ശത്രുപക്ഷത്ത് നിര്‍ത്തിയയാളെ പിണറായി വിജയന്‍ പൊലീസ് മേധാവിയായി സ്വീകരിക്കുമോയെന്നാണ് അറിയേണ്ടത്.
മലയാളി ഡി.ജി.പി വരുമോ?
ടി.പി. സെന്‍കുമാറിന് ശേഷം കേരളത്തില്‍ മലയാളി പൊലീസ് മേധാവിയുണ്ടായിട്ടില്ല. ലോക്നാഥ് ബെഹ്റ, അനില്‍ കാന്ത്, ദര്‍വേഷ് സാഹിബ്–പിണറായി വിജയന്‍ സര്‍ക്കാര്‍ നിയോഗിച്ചവരെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരായിരുന്നു. ഇത്തവണ അതിന് മാറ്റം വരണമെങ്കില്‍ മനോജ് എബ്രഹാമിനോ അജിത് കുമാറിനോ നറുക്കുവീഴണം. അതിനുള്ള സാധ്യത ഒരു ഞാണിന്‍മേല്‍ കളിയാണ്.
ഭാഗ്യം തുണച്ചാല്‍ മനോജ്
നിലവിലെ പട്ടികയില്‍ നാലാം സ്ഥാനത്താണ് മനോജ് എബ്രഹാം. ആദ്യ മൂന്ന് റാങ്കുകാരില്‍ ആരെങ്കിലും പുറത്തായാല്‍ മാത്രമേ മനോജ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കു. അങ്ങിനെ സംഭവിക്കാനുള്ള സാധ്യതകളിങ്ങിനെയാണ്.ഒന്നാം സ്ഥാനക്കാരനായ നിതിന്‍ അഗര്‍വാള്‍ ബി.എസ്.എഫ് ഡയറക്ടറായിരിക്കെ ഒറ്റ ദിവസം കൊണ്ട് പുറത്താക്കുകയും കേരളത്തിലേക്ക് മടക്കി അയക്കുകയും ചെയ്തതാണ്. കൃത്യനിര്‍വഹണ വീഴ്ചയാണ് കാരണമെന്ന് പറയുന്നു. പക്ഷെ അത് സ്ഥാനമാറ്റമെന്ന പേരില്‍ മാത്രമാവും സര്‍വീസ് റെക്കോഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവുക. എന്നാല്‍ യു.പി.എസ്.സി ഐ.ബി റിപ്പോര്‍ട്ടും പരിശോധിക്കും. നിതിന്‍ അഗര്‍വാളിന്‍റെ വീഴ്ച ഐ.ബി റിപ്പോര്‍ട്ടിലുണ്ടെങ്കില്‍ അദേഹത്തിന് തിരിച്ചടിയാവുകയും യു.പി.എസ്.സി ഒഴിവാക്കുകയും ചെയ്യും. അതോടെ മനോജ് എബ്രഹാം ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കും. റവാഡാ ചന്ദ്രശേഖറിന് കേന്ദ്രത്തില്‍ സെക്യൂരിറ്റി സെക്രട്ടറി എന്ന പുതിയ പദവി കേന്ദ്രം നല്‍കിയിട്ടുണ്ട്. അദേഹത്തെ അവിടെ വേണമെന്ന് കേന്ദ്രം ആവശ്യപ്പെടുകയോ ആ പദവി സ്വീകരിച്ച് പിന്‍മാറുന്നതായി അദേഹം യു.പി.എസ്.സിയെ അറിയിക്കുകയോ ചെയ്താലും മനോജ് എബ്രഹാമിന് അനുഗ്രഹമാകും. മനോജ് എബ്രഹാം അന്തിമ പട്ടികയില്‍ ഇടംപിടിച്ചാല്‍ അദേഹത്തെയാവും സര്‍ക്കാര്‍ തിരഞ്ഞെടുക്കുക. കേരള പൊലീസ് സംവിധാനവുമായും സര്‍ക്കാര്‍–രാഷ്ട്രീയ സംവിധാനങ്ങളുമായും അടുപ്പവും വ്യക്തതയുമുള്ള ഉദ്യോഗസ്ഥനെന്നതാണ് അദേഹത്തിന്‍റെ അധിക യോഗ്യത.
വരുമോ അജിത്കുമാര്‍
ഡി.ജി.പിയാകാന്‍ സാധ്യതയുള്ള മറ്റൊരു മലയാളി എം.ആര്‍.അജിത്കുമാറാണ്. പക്ഷെ അതിന് കടമ്പകളേറെയാണ്. നിലവിലെ പട്ടികയില്‍ അദേഹം ആറാം സ്ഥാനത്താണ്. അതായത് മുമ്പിലുള്ള മൂന്ന് പേര്‍ ഒഴിവായാല്‍ മാത്രമേ അദേഹം അന്തിമപട്ടികയില്‍ ഇടംപിടിക്കു. അതിന് അട്ടിമറികള്‍ സംഭവിക്കണം.