നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്‍റെ വീറും വാശിയും പ്രതിഫലിപ്പിച്ച് കലാശകൊട്ട്. ഇരുപത്തിനാല് ദിവസം നിലമ്പൂരിനെയും കേരള രാഷ്ട്രീയത്തെയും ഇളക്കിമറിച്ച ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ആവേശഭരിതമായ പരിസമാപ്തി . നിലമ്പൂര്‍ ടൗണിലും എടക്കരയിലുമായി നടന്ന മുന്നണികളുടെ കലാശക്കൊട്ട് സമാധാനപരമായിരുന്നു.
എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ തുറന്നവാഹനത്തിലെത്തി അവസാന മണിക്കൂറില്‍ അണികള്‍ക്ക് ആവേശം പകര്‍ന്നു. മൂന്ന് മുന്നണികളുടെയും പ്രമുഖ സംസ്ഥാന നേതാക്കള്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്നു. കലാശക്കൊട്ടിന് നിശ്ചയിച്ച കേന്ദ്രങ്ങളില്‍ മഴ പെയ്തിട്ടും അണികള്‍ പിന്തിരിഞ്ഞില്ല. പതിനെട്ടുകിലോമീറ്റര്‍ നീണ്ട റാലിയുമായാണ് യുഡിഎഫ് പ്രചാരണം അവസാനിപ്പിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ ഉച്ചമുതല്‍ നിലമ്പൂര്‍ ടൗണ്‍ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം.
മുന്നണികളെ വെല്ലുവിളിച്ച് നിലമ്പൂരിന്‍റെ പിന്തുണതേടുന്ന മുന്‍ എം.എല്‍.എ പി.വി.അന്‍വറും അണികളും കലാശക്കൊട്ട് നടത്തിയില്ല. പരമാവധി ആള്‍ക്കാരെ നേരില്‍ക്കണ്ട് പിന്തുണതേടുന്ന തിരക്കിലായിരുന്നു അന്‍വറും സംഘവും. നാളെ നിശബ്ദ പ്രചാരണദിനമാണ്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്.
മുന്‍നിര സ്ഥാനാര്‍ഥികളെല്ലാം വിജയപ്രതീക്ഷ പങ്കുവച്ചു. നിലമ്പൂരില്‍ റെക്കോര്‍ഡ് വിജയം നേടുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. ആത്മവിശ്വാസത്തോടെ തന്നെയാണ് ജനവിധി തേടുന്നതെന്നും വിവാദങ്ങളില്‍ താല്‍പര്യമില്ലെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.സ്വരാജ് പറഞ്ഞു. എഴുപത്തി അയ്യായിരത്തിനുമുകളില്‍ വോട്ടുനേടി മണ്ഡലത്തിലെ വിജയപരമ്പര ആവര്‍ത്തിക്കുമെന്നായിരുന്നു പി.വി.അന്‍വറിന്റെ അവകാശവാദം.