കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസില്‍ നടത്തിപ്പുകാരായ പൊലീസുകാര്‍ പിടിയില്‍. പ്രതികളായ ഷൈജിത്തിനെയും സനിത്തിനെയും താമരശേരിയിലെ രഹസ്യകേന്ദ്രത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. നേരത്തെ പിടിയിലായ ബിന്ദുവിനെയും മറ്റ് മൂന്ന് സ്ത്രീകളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതോടെയായിരുന്നു പൊലീസുകാരുടെ പങ്ക് വെളിവായത്. ഇരുവരെയും അറസ്റ്റ് ചെയ്യാത്തതില്‍ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള അവസരം ഒരുക്കി നല്‍കുകയാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ്.
അഞ്ച് വര്‍ഷം മുന്‍പാണ് മുഖ്യനടത്തിപ്പുകാരനായ പൊലീസുകാരനും സ്ഥാപനത്തിലെ മാനേജറും കാഷ്യറുമായ ബിന്ദുവും തമ്മില്‍ പരിചയപ്പെട്ടത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പൊലീസുകാരൻ മറ്റൊരു കേസിന്റെ പരിശോധനയ്ക്കു പോയതായിരുന്നു. പിന്നീട് ഫോൺ നമ്പർ വാങ്ങി ബന്ധം തുടരുകയായിരുന്നു എന്നു അന്വേഷണസംഘം പറയുന്നു. മെഡിക്കൽ കോളജിൽ നിന്ന് ഈ പൊലീസുകാരൻ പിന്നീട് വിജിലൻസിൽ എത്തി. മെഡിക്കൽ കോളജിൽ പുതിയ ഇൻസ്പെക്ടർ ചുമതലയെടുത്തതോടെ പൊലീസുകാരൻ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽനിന്നു മാറ്റുകയും ചെയ്തു.
അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട പൊലീസുകാരുടെ നീക്കങ്ങൾ ഒരു മാസം മുൻപാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തത്. തുടർന്ന് ആരോപണ വിധേയരായ പൊലീസുകാരുടെ നീക്കം അന്വേഷണ സംഘം നിരീക്ഷിച്ചു. പലപ്പോഴായി പൊലീസുകാർ ഇവിടെ എത്തുന്നതായി വിവരം ലഭിച്ചു. ഇവരുടെ സാമ്പത്തിക ഇടപാടുകളിലും സംശയം തോന്നി. ഇതിനിടയിൽ പൊലീസ് സേനയിൽ സംഭവം ചർച്ചയായതോടെ ചിലർ പൊലീസുകാരന് അനുകൂലമായ നിലപാടെടുത്തു. എന്നാൽ നടക്കാവ് ഇൻസ്പെക്ടറും വനിത എസ്ഐയും ഇതിനെതിരെ കർശന നിലപാടെടുത്തു. ഇതിന് ഉയർന്ന ഉദ്യോഗസ്ഥരുടെ സഹകരണവും ഉണ്ടായി.
അനാശാസ്യ കേന്ദ്രത്തിൽ എത്തിച്ച യുവതികൾക്ക് ഇടപാടിന് എത്തുന്നവർ നൽകുന്ന പണത്തിന്റെ 70 ശതമാനവും എടുക്കുന്നത് നടത്തിപ്പുകാരാണെന്നും പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തി. എന്നാൽ ഈ പണം എവിടേക്കു കൈമാറുന്നു എന്ന അന്വേഷണത്തിലാണ് ആരോപണ വിധേയരായ പൊലീസുകാരുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചത്. പ്രതിദിനം അര ലക്ഷം മുതൽ ഒരു ലക്ഷം വരെയാണ് വരുമാനം. ഇതിൽ ഒരു ഭാഗം പൊലീസിനും നടത്തിപ്പുകാർക്കും ലഭിക്കുന്നതായി കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ വിദേശത്തുള്ള ആളുമായി ചേർന്നു നഗരത്തിലും റൂറൽ ജില്ലയിലും ഭൂമി വാങ്ങിയതായി വിവരം ലഭിച്ചു. മലാപ്പറമ്പിൽ അടുത്ത കാലത്തായി ലക്ഷങ്ങൾ മുടക്കി സ്ഥലം വാങ്ങിയതും പൊലീസ് പരിശോധിച്ചു വരികയാണ്.