അഴീക്കല്‍ തീരത്ത് ചൈനീസ് കപ്പല്‍ വാന്‍ ഹായ് തീപിടിച്ചുണ്ടായ അപകടത്തില്‍ കേസ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസാണ് കേസെടുത്തത്. കപ്പല്‍ ഉടമ, ഷിപ്പ് മാസ്റ്റര്‍, ജീവനക്കാര്‍ എന്നിവരാണ് പ്രതികള്‍. അമിത വേഗതയില്‍ കപ്പലോടിച്ചതിന് പുറമെ സ്ഫോടക വസ്തുക്കള്‍ അടങ്ങിയ ചരക്ക് അലക്ഷ്യമായും അപകടകരമാംവിധം കൈകാര്യം ചെയ്തു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വടകര സ്വദേശി സുനീഷിന്‍റെ പരാതിയിലാണ് ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പൊലീസിന്‍റെ നടപടി.
തിങ്കളാഴ്ച കപ്പലില്‍ നിന്നുള്ള ടാങ്കർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞിരുന്നു. പുലർച്ചെ നാട്ടുകാരാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്. ടാങ്കറിൽ ഗ്യാസോ മറ്റ് രാസ വസ്തുക്കളെന്തെങ്കിലും ഉണ്ടാകുമോ എന്നതായിരുന്നു ആശങ്ക. തീരത്തോട് ചേർന്ന് കടൽ ഭിത്തിക്കിടയിലാണ് ടാങ്കർ കുടുങ്ങിയത്. വിവരം അറിഞ്ഞതിനുപിന്നാലെ കടലിൽ വീഴുന്ന കപ്പലിലെ വസ്തുക്കൾ നീക്കുന്ന കമ്പനി അധികൃതർ സ്ഥലത്തെത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്ടർ അലക്സ് വർഗീസ് പറഞ്ഞു.
അതേസമയം കപ്പല്‍ കടലില്‍ നിയന്ത്രണം വിട്ട് ഒഴുകി കൊച്ചി തീരത്തിനടത്ത് എത്തിയിരുന്നു. തീരത്തില്‍ നിന്ന് 22 നോട്ടിക്കല്‍ മൈല്‍ ദൂരം അകലെയെത്തിയ കപ്പലിനെ പുറംകടലിലേയ്ക്ക് നീക്കുകയായിരുന്നു. തീക്കപ്പലില്‍ നിന്ന് രൂക്ഷമായി പുക ഉയരുകയാണ്. കപ്പലിലെ ജീവനക്കാരായ നാലുപേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജൂണ്‍ ഒന്‍പതിനാണ് കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തിന് 78 നോട്ടിക്കല്‍ മൈല്‍ അകലെ ചരക്കുകപ്പലിന് തീപിടിച്ചത്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോയ കപ്പലാണ് അപകടത്തില്‍പ്പെട്ടത്.