മധ്യകേരളത്തില്‍ ദുരിതംവിതച്ച് പെരുമഴയും കടലേറ്റവും രൂക്ഷം. കടല്‍കയറി നിരവധി വീടുകള്‍ വെള്ളത്തിലായതോടെ കണ്ണമാലിയില്‍ തീരവാസികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് ശക്തമായ കുട്ടനാട്ടില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലേക്കുയര്‍ന്നു.
കണ്ണമാലിയില്‍ ഇത്തവണ കടലിനെ ചെറുക്കാന്‍ പേരിന് പോലും പ്രതിരോധമില്ല. ജിയോ ബാഗും കടല്‍ഭിത്തിയും ഉദ്യോഗസ്ഥരുടെ വാക്കിലേക്ക് മാത്രം ചുരുങ്ങിയതോടെ കടല്‍ പ്രദേശത്തെ മുഴുവന്‍ വീടുകളെയും വിഴുങ്ങി. കട്ടിലിനൊപ്പം കടലെത്തിയതോടെ കിടപ്പുരോഗികളടക്കം ദുരിതത്തില്‍. തീരദേശപാതയില്‍ വള്ളളവും വലയും മരവുമിട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചതിനിടെ പതിവ് പല്ലവിയുമായി ഉദ്യോഗസ്ഥരെത്തി. കടലാക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് തഹസില്‍ദാറുടെ ഉറപ്പ്. ഉച്ചയ്ക്കുശേഷം ഡപ്യൂട്ടി കലക്ടറും കൂടിക്കാഴ്ചയ്ക്കെത്തി.
കൊച്ചി ഏലൂര്‍ വടക്കുംഭാഗത്ത് കൂറ്റന്‍ ആല്‍മരത്തിന്‍റെ ചില്ല ഒടിഞ്ഞുവീണ് ബസ് കാത്തു നിന്ന വിദ്യാര്‍ഥിനിയടക്കം രണ്ട് പേര്‍ക്ക് പരുക്കേറ്റു. തലയ്ക് ഗുരുതരമായി പരുക്കേറ്റ പത്ത് വയസുകാരി ആശുപത്രിയില്‍ ചികിത്സയിലാണ്. ശക്തമായ മഴയില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ ചാല്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. മറുകരയെത്താന്‍ ഇനി വള്ളമാണ് നാട്ടുകാരുടെ ആശ്രയം. കോതമംഗലം ഇളംബ്ലാശേരിയില്‍ ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിലും കാറ്റിലും ഒട്ടേറെ വീടുകളുടെ മുകളിലേക്ക് മരം കടപുഴകി വീണു. പ്രദേശത്തെ നിരവധി റബ്ബര്‍ മരങ്ങളും കടപുഴകി. മലയാറ്റൂര്‍ നടുവട്ടത്ത് ഇന്നലെ വൈകിട്ടുണ്ടായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് പത്ത് വീടുകള്‍ തകര്‍ന്നു. കുട്ടനാട്ടില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തിയതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്.