പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർധിപ്പിക്കാൻ തീരുമാനം. നിലവിൽ ലീറ്ററിന് 160 രൂപ എന്നുള്ളത് 260 രൂപയാക്കി വർധിപ്പിക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചത്. വിശേഷ ദിവസങ്ങളിൽ 350 ഉം മറ്റു ദിവസങ്ങളിൽ 300 ലീറ്റർ പായസം തയ്യാറാക്കാനും ബോർഡ് അംഗീകാരം നൽകി. അമ്പലപ്പുഴ സ്വദേശി സുരേഷ് കുമാർ ഭക്തവൽസലൻ നൽകിയ പരാതിയെത്തുടർന്നാണ് പുതിയ തീരുമാനം. നിലവിൽ 225 ലീറ്റർ പായസമാണ് പ്രതിദിനം തയ്യാറാക്കുന്നത്. ഇത് 300 ഉം വ്യാഴം, ഞായർ മറ്റ് വിശേഷ ദിവസങ്ങളിലും 350 ലിറ്ററുമാക്കണമെന്ന തന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് പായസം നിർമിക്കുന്നതിന്റെ അളവ് വർധിപ്പിച്ചത്.
10 വർഷത്തിന് മുൻപാണ് അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില 160 രൂപയാക്കി ഉയർത്തിയത്. പ്രതിദിനം 30 ശതമാനം പാൽപ്പായസം ഭക്തർക്ക് ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും പായസം ബോട്ടിലുകളിൽ ദേവസ്വം ബോർഡിന്റെ ഹോളോഗ്രാം പതിപ്പിക്കും. നേരിട്ടുള്ള പാൽപായസ ബുക്കിംഗിന് ടോക്കൺ സംവിധാനവും ഏർപ്പെടുത്തും.