sree-chitra-new

ഉപകരണക്ഷാമം കാരണം അടിയന്തര ചികിൽസ പോലും നിലച്ച തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ പ്രതിസന്ധിക്ക് പരിഹാരം. ഇന്നു മുതൽ ശസ്ത്രക്രിയകൾ പൂർണ തോതിൽ തുടങ്ങി. ശസ്ത്രക്രിയകൾ മുടങ്ങിയും മാറ്റിവച്ചും സാധാരണക്കാരായ രോഗികൾ ദുരിതപ്പെടുന്നു എന്ന മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് പരിഹാരം.

നൂറുകണക്കിന് രോഗികളെ കടുത്ത പ്രതിസന്ധിയിലാക്കിയ ഉപകരണ ക്ഷാമത്തിനാണ് പരിഹാരമായത്. ന്യൂറോ-റേഡിയോളജി വിഭാഗത്തിലെ സങ്കീർണ ശസ്ത്രക്രിയകൾ പൂർണ തോതിൽ പുനരാരംഭിച്ചു. 6 ശസ്ത്രക്രിയകൾ ഇന്ന് നടത്തി. എച്ച്എല്‍എല്ലിന്റെ കീഴിലുള്ള അമൃത് ഫാർമസി വഴി ഉപകരണങ്ങൾ എത്തിച്ചതോടെയാണ് പ്രതിസന്ധി അയഞ്ഞത്. ഒൻപതാം തീയതി മുതൽ ശസ്ത്രക്രിയകൾ പൂർണമായും മുടങ്ങുമെന്ന് ന്യൂറോ-റേഡിയോളജി വിഭാഗം ശ്രീചിത്ര അധികൃതരെ അറിയിച്ചിരുന്നു. 

2023 ഡിസംബറിനു ശേഷം  ഉപകരണങ്ങൾ വാങ്ങുന്ന ടെൻഡർ പുതുക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പാവപ്പെട്ട രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവിട്ട് ചികിൽസ എടുക്കേണ്ടി വന്നതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ ഇടപെടുകയും ശ്രീചിത്ര അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. അതിനുശേഷം അടിയന്തര ശസ്ത്രക്രിയകൾ പുനരാരംഭിച്ചിരുന്നു. വിദേശത്തു നിന്ന് ഉപകരണങ്ങൾ എത്തിക്കാനും ടെൻഡർ പുതുക്കാനും നടപടി തുടങ്ങി. 

പിന്നാലെ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ ശ്രീചിത്ര ഡയറക്ടർ, വകുപ്പ് മേധാവികൾ എന്നിവർ യോഗം ചേർന്നു. യോഗ ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി ഉടൻ പ്രശ്നപരിഹാരമെന്ന് ഉറപ്പ് നല്‍കി. ശ്രീചിത്രയിലെ വിവിധ പദ്ധതികളെക്കറിച്ച് മന്ത്രി അവലോകനം നടത്തുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അച്യുതമേനോൻ സെന്‍ററിലേക്ക് തള്ളിക്കയറിയത് വൻ സുരക്ഷാ വീഴ്ചയായി. മന്ത്രിയുടെ പൈലറ്റ് സംഘം മാത്രമാണ് സുരക്ഷക്കുണ്ടായിരുന്നത്. മന്ത്രി ആറാം നിലയിൽ ഇരിക്കുമ്പോൾ അഞ്ചാം നില വരെ കയറിയ പ്രവർത്തകരെ മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ റൂമിലിട്ട് പൂട്ടി. പ്രതിഷേധിച്ചവരെ കാണാൻ  ശ്രീചിത്ര ഡയറക്ടർ ഡോ സഞ്ജയ് ബെഹാരി പ്രതിഷേധക്കാർക്ക് അടുത്തേക്ക് എത്തിയതും അപൂർവതയായി. ഉടൻ പരിഹാരം ഉണ്ടാക്കുമെന്ന ഡയറക്ടറുടെ  ഉറപ്പിൽ പ്രതിഷേധക്കാരും തണുത്തു.

ENGLISH SUMMARY:

After a prolonged halt due to internal issues, surgeries have resumed at Sree Chitra Tirunal Institute, bringing relief to patients. The crisis resolution marks a crucial step toward restoring full operations at the prestigious medical center.