സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്നു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള അഞ്ച് ജില്ലകളിൽ റെഡ് അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന അഞ്ച് ദിവസവും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ തുടരുന്ന കനത്ത മഴയിൽ എട്ടുവയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. നിരവധി പ്രദേശങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വടക്കൻ കേരളത്തിൽ ദുരിതം: രണ്ട് മരണം, രണ്ടുപേരെ കാണാതായി

കാസർകോട് എട്ടുവയസുകാരൻ സുൽത്താൻ മരിച്ചത് വീടിനോട് ചേർന്നുള്ള തോട്ടിൽ വീണാണ്. കുമ്പള ബദിയടുക്കയിൽ മൂന്നുനില കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ച കൂറ്റൻ മേൽക്കൂര റോഡിലേക്ക് തകർന്നു വീണു. ദേശീയപാത നിർമ്മാണം നടക്കുന്ന കാസർകോട് മാവുങ്കൽ ടൗണിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മഞ്ചേശ്വരത്ത് കനത്ത മഴയിൽ ഒരു വീട് തകർന്നു. അപകടസമയത്ത് വീട്ടിൽ ആളില്ലായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് ജനങ്ങൾ ദുരിതത്തിലാണ്.

പാലക്കാട് മണ്ണാർക്കാട് മണലടിയിൽ വീട് തകർന്ന് വയോധികയായ ഫാത്തിമാബി മരിച്ചു. കാഞ്ഞിരപ്പുഴ, ശിരുവാണി, മംഗലം ഡാമുകളുടെ ഷട്ടറുകൾ തുറന്നു. കണ്ണൂർ കൊട്ടിയൂർ ക്ഷേത്രോത്സവം കാണാനെത്തിയ കാഞ്ഞങ്ങാട് സ്വദേശി അഭിജിത്ത്, കോഴിക്കോട് അത്തോളി സ്വദേശി നിഷാന്ത് എന്നിവരെ ബാവലി പുഴയിൽ കാണാതായി. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

കോഴിക്കോട് പുല്ലാളൂരിലുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. മരം കടപുഴകി വീണ് നാല് വീടുകൾ ഭാഗികമായി തകർന്നു. ഇത് ഗതാഗതത്തെയും തടസ്സപ്പെടുത്തി. വൈദ്യുതി ലൈനുകൾ പൊട്ടിവീണതിനാൽ പ്രദേശത്ത് വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്. ശക്തമായ കടൽക്കാറ്റിൽ കോർപ്പറേഷൻ ഓഫീസിന്‍റെ ചില്ലുവാതിൽ തകർന്നെങ്കിലും ആർക്കും പരിക്കില്ല. കുന്ദമംഗലത്ത് പുഴയിൽ കാണാതായ പിലാശ്ശേരി സ്വദേശി മാധവനായുള്ള തിരച്ചിൽ തുടരുകയാണ്.

മധ്യകേരളത്തിൽ കടലാക്രമണവും വെള്ളപ്പൊക്കവും

മലയോര, തീരദേശ വ്യത്യാസമില്ലാതെ മധ്യകേരളത്തിലും കാലവർഷക്കെടുതി രൂക്ഷമാണ്. കൊച്ചി കണ്ണമാലി, ചെല്ലാനം മേഖലകളിൽ കടലാക്രമണം രൂക്ഷമായതിനെത്തുടർന്ന് നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. താൽക്കാലിക കടൽഭിത്തികൾ തകർന്ന് കടൽ വീടിന്‍റെ അകത്തളങ്ങളിലേക്ക് ഇരച്ചെത്തി.  പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചു. കടൽഭിത്തി നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ വള്ളങ്ങളും വലകളും റോഡിലിട്ട് ഉപരോധിച്ചത്. തുടർച്ചയായ കടലാക്രമണത്തിൽ എട്ട് വീടുകൾ ഭാഗികമായി തകർന്നു. കൂടാതെ, നിരവധി വീടുകളിൽ വെള്ളം കയറുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തു. 

എറണാകുളം കോതമംഗലം കുടമുണ്ട പാലം വെള്ളത്തിനടിയിലായതോടെ ഗതാഗതം തടസ്സപ്പെട്ടു. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ആലുവ ശിവക്ഷേത്രം പൂർണ്ണമായി മുങ്ങി. 

ആലപ്പുഴയിൽ കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ കുട്ടനാട്ടിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തി. നഗരത്തിൽ ശക്തമായ കാറ്റിൽ നിരവധി വീടുകളുടെ മേൽക്കൂര മരം വീണ് തകർന്നു. കടലിൽ കുളിക്കുന്നതിനിടെ കാണാതായ കൊട്ടാരച്ചിറയിൽ ഡോൺ തോമസ് ജോസഫിന്‍റെ മൃതദേഹം തീരത്തടിഞ്ഞു.

ഇടുക്കി ചെമ്മണ്ണാറിൽ ശക്തമായ കാറ്റിൽ കമുക് വീടിന് മുകളിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റു. കോളപ്രയിൽ പന ഒടിഞ്ഞുവീണ് വീടിന്റെ സംരക്ഷണഭിത്തി തകർന്നു.

പത്തനംതിട്ട മലയാലപ്പുഴയിൽ വീടിനു മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് ഗൃഹനാഥന് പരിക്കേറ്റു.

തിരുവനന്തപുരത്ത് ദേശീയപാതയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. നെയ്യാറ്റിൻകര പത്താംകല്ലിലാണ് സംഭവം. അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് മരം നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

പകൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വൈകീട്ടോടെ മഴ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ENGLISH SUMMARY:

Heavy monsoon rains continue to batter Kerala, prompting a red alert in five northern districts. Four people, including a child, died due to flood-related incidents while several others are missing. Widespread damage has been reported from landslides, house collapses, and strong winds across northern and central Kerala.