പൊലീസ് അന്വേഷണ റിപ്പോർട്ട് തള്ളി കൽക്കണ്ടം എംഡിഎംഎയെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റിലായ കാസർകോട് സ്വദേശി ബിജു മാത്യു. അറസ്റ്റിലായപ്പോഴും മജിസ്ട്രേറ്റിന് മുന്നിലും, പിടികൂടിയത് കൽക്കണ്ടമെന്ന് അറിയിച്ചില്ലായെന്ന റിപ്പോർട്ട് തെറ്റ്. തന്റെ ഫോണിൽ നിന്ന് ലഹരി മാഫിയുമായി ബന്ധം കണ്ടെത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് ഫോൺ തിരികെ നൽകി വെറുതെ വിട്ടു. വിഷയത്തിൽ മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും ഉൾപ്പെടെ പരാതി നൽകിയിരിക്കുകയാണ് ബിജു.
ജോലി ആവശ്യത്തിന് കോഴിക്കോട് എത്തിയ ബിജുവും സുഹൃത്ത് മണികണ്ഠനും കൽക്കണ്ടം എംഡിഎംഎയെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റിലായ വാർത്ത മനോരമ ന്യൂസാണ് പുറത്തുവിട്ടത്. രാസ പരിശോധന ഫലം വൈകി 151 ദിവസം ജയിലിൽ കിടന്നശേഷമാണ് ഇരുവർക്കും മോചനമായത്. വിഷയത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ, പിടികൂടിയത് രാസ ലഹരി അല്ല എന്ന് യുവാക്കൾ ഒരിക്കലും പറഞ്ഞിട്ടില്ലെന്നാണ് വാദം.
ഫോണിലൂടെ ബംഗളൂരുവിലെ ലഹരി മാഫിയ സംഘവുമായി ഇവർക്ക് ബന്ധമുള്ളതിന് തെളിവ് ലഭിച്ചെന്ന് റിപ്പോർട്ടിലെ മറ്റൊരു കണ്ടെത്തൽ. ജാമ്യ അപേക്ഷയിൽ ഒരിക്കലും പിടിച്ചെടുത്തത് കൽക്കണ്ടമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട് അംഗീകരിക്കാൻ ആകില്ലെന്നും, രാസ പരിശോധന ഫലം വരുന്നതിനുമുമ്പ് ലഹരി അല്ലയോ എന്ന് രേഖപ്പെടുത്തി ജാമ്യം ചോദിക്കാറില്ലെന്നും ബിജുവിന്റെ അഭിഭാഷകൻ പറയുന്നു. ഏതായാലും പൊലീസിനെക്കുറിച്ച് പൊലീസ് നടത്തുന്ന അന്വേഷണത്തിന് മറിച്ച് ഒരു കണ്ടെത്തൽ പ്രതീക്ഷിക്കേണ്ടതില്ല.