കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപ തുകയിൽ നിന്ന് ചികിത്സയ്ക്ക് പണം കിട്ടാൻ വേണ്ടി അലഞ്ഞ 68 കാരൻ മരിച്ചു. പൊറത്തിശ്ശേരി സ്വദേശി പൗലോസാണ് മരിച്ചത്. ചികിത്സാ ചെലവിനായി പണം ചോദിക്കുമ്പോൾ തുച്ഛമായ തുക മാത്രമാണ് ബാങ്ക് തന്നതെന്ന് ഭാര്യ വെറോണിക്ക.
2023 ഓഗസ്റ്റിലുണ്ടായ അപകടത്തിൽ ഗുരുതരായി തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്നു പൗലോസ്. ലോട്ടറി ജീവനക്കാരനായിരുന്നു. പൗലോസും ഭാര്യ വേറൊനിക്കയും എല്ലാ കഷ്ടപ്പാടിലും സധൈര്യം ഒരുമിച്ചാണ് മുന്നേറിയത്. ഇരുവർക്കും മക്കൾ ഇല്ലായിരുന്നു. പൗലോസിന് ഉണ്ടായ അപകടമാണ് ഇവരുടെ ജീവിതത്തെ താളം തെറ്റിച്ചത്. ചികിത്സയ്ക്കായി ലക്ഷങ്ങൾ വേണ്ടിവന്നു. 4 ലക്ഷം രൂപ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ചികിത്സാ ചെലവിനായി പണം ചോദിക്കുമ്പോൾ തുച്ഛമായ തുക മാത്രമാണ് ബാങ്ക് കൊടുത്തിരുന്നത്.
ആശുപത്രിയിലെ പണം താങ്ങാൻ വയ്യാതെ വന്നപ്പോൾ പൗലോസിനെ വീട്ടിലേക്ക് മാറ്റി. തുടർന്ന് മരുന്നിനും മറ്റും ആയി നാട്ടുകാർ സഹായിച്ചു. എന്നാൽ ആവശ്യത്തിനുള്ള പണം ബാങ്കിൽ നിന്ന് ലഭിക്കാത്തതുമൂലം പൗലോസിന്റെ ചികിത്സയും മുടങ്ങി അധികം കാത്തു നിൽക്കാതെ പൗലോസും മടങ്ങി. പത്തുലക്ഷം രൂപയാണ് ആശുപത്രിയിൽ ചെലവായത് ഇനി ബാങ്കിൽ നിന്ന് 2 ലക്ഷം രൂപയോളം ലഭിക്കാനുണ്ട്.