സംസ്ഥാനത്ത് അതിതീവ്ര മഴയും മഴക്കെടുതികളും തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് അതിത്രീവ്ര മഴ സാധ്യതാ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളിൽ യെലോ അലർട്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴിയുടെ സ്വാധീനവും കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതും കനത്ത മഴയ്ക്ക് കാരണമാണ്. ബുധനാഴ്ച വരെ മഴ തുടരും. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 19 വരെ മീന്‍പിടിത്തം വിലക്കി. രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും വിലക്കി.
11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ അവധിയാണ്. കോഴിക്കോടും കണ്ണൂരും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്‍ററുകള്‍ക്കും അവധി ബാധകമാണ്. കുട്ടനാട് , അമ്പലപ്പുഴ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. എലമെന്‍ററി എജ്യുക്കേഷന്‍ പരീക്ഷയ്ക്ക് മാറ്റമില്ല. മുന്‍കൂട്ടി നിശ്ചയിച്ച മറ്റ് പരീക്ഷകള്‍ക്കും മാറ്റമില്ല.
റെഡ് അലർട്ടുള്ള കാസർകോട് ജില്ലയിൽ അതിതീവ്ര മഴയാണ് അനുഭവപ്പെടുന്നത്. മഞ്ചേശ്വരം, ഹോസ്ദുർഗ്, വെള്ളരിക്കുണ്ട്, കാസർകോട് താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നീലേശ്വരം, കാര്യംങ്കോട്, മൊഗ്രാൽ, ഉപ്പള പുഴകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള തീര മേഖലയിൽ ഉയർന്ന തിരമാല മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജില്ലയിൽ കാറ്റാണ് വ്യാപക നാശനഷ്ടം വിതയ്ക്കുന്നത്. ഇന്നലെ വിവിധ ഇടങ്ങളിൽ മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി വീണു. കാറ്റാംകവലിൽ മണ്ണിടിച്ചിൽ സാധ്യതയെ തുടർന്ന് 10 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.
കൊച്ചി നഗരത്തിൽ രാത്രിയും മഴ തുടര്‍ന്നു. ഇടവിട്ടുള്ള മഴയായതിനാൽ കാര്യമായ വെള്ളക്കെട്ടിന്റെ പ്രശ്നമില്ല. എറണാകുളം ജില്ലയുടെ മലയോര മേഖലകളിലും മഴ തകർത്തു പെയ്യുന്നുണ്ട്. തുടർച്ചയായ മഴയിൽ കോതമംഗലം - കോട്ടപ്പടി റോഡിലെ മഠത്തുംപടി ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടായി. മഴ ശക്തമായതോടെ പെരിയാറിൽ ജലനിരപ്പ് ഉയരുന്നുണ്ട്.
ആലപ്പുഴ നഗരത്തിൽ ശക്തമായ കാറ്റിൽ നിരവധി വിടുകളുടെ മേൽക്കൂര മരം വീണു തകർന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് ശക്തമായ കാറ്റു വീശിയത്. നഗരത്തിലെ പാലസ് വാർഡ്, ചുങ്കം മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്. വൃക്ഷങ്ങൾ കാറ്റിൽ നിലം പതിച്ചാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. മുക്കവ ലക്കൽ കളത്തിൽവീട്ടിൽ ആമീനാ ഷെരീഫിന്റെ വീടിന്റെ മതിൽ മരം വീണു നിലം പതിച്ചു. ചിറപറമ്പിൽ പ്രജിയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. പാലസ് വാർഡിലെ പുതുവേലിൽ അലിയാരുടെ വീടിനു മുകളിൽ മരം വീണു. പ്രമോദ്, ഗോപി , രമേശൻ എന്നിവരുടെ വീടുകളുടെ മേൽക്കൂരയും ഭാഗികമായി തകർന്നു. കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ കുട്ടനാട്ടിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലെത്തി. താഴ്ന്നയിടങ്ങളിൽ വെള്ളക്കെട്ട് വീണ്ടും രൂക്ഷമായി. ഗ്രാമീണ റോഡുകൾ മുങ്ങി. മഴ ശമനമില്ലാതെ തുടരുകയാണ്. ഹരിപ്പാട് കാർത്തികപ്പള്ളി, ചേർത്തല, ആലപ്പുഴ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ തുടങ്ങിയ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
കൊല്ലം ആലത്തറയില്‍ ദേശീയപാതയുടെ ഭാഗമായുള്ള സര്‍വീസ് റോഡ് ഇടിഞ്ഞു താഴ്ന്നത് നാലുദിവസം കൊണ്ടു ഗതാഗത യോഗ്യമാക്കുമെന്ന വാഗ്ദാനം നടന്നില്ല. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ വാഹനങ്ങള്‍ നിയന്ത്രണത്തോടെ കടത്തിവിടുന്നു. കനത്തമഴയാണ് നിര്‍മാണത്തിനു തടസമെന്നു നിര്‍മാണകമ്പനി.