സ്വന്തമായൊരു വീടെന്ന സ്വപ്നത്തിനായി ദിവ്യ ബാലു എന്ന ഐ.ടി പ്രഫഷനല്‍ സാന്‍ റോയല്‍ ബില്‍ഡേഴ്സിന് നല്‍കിയത് 20 ലക്ഷം രൂപ. പകരം കിട്ടിയത് വഞ്ചനയും വര്‍ഷങ്ങളായി തുടരുന്ന നിയമപോരാട്ടവും. പണം പലിശ സഹിതം തിരിച്ച് നല്‍കാനുള്ള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവിന് പോലും പുല്ലുവില കല്‍പ്പിച്ച് സാന്‍റോയല്‍ മുന്നോട്ടു പോകുമ്പോള്‍ രോഗിയായ അമ്മയ്ക്കൊപ്പം ജീവിക്കാന്‍ പാടുപെടുകയാണ് ദിവ്യ. സാന്‍റോയല്‍ ബില്‍ഡേഴിസിന്‍റെ വഞ്ചനക്കിരയായ അനേകം പേരില്‍ ഒരാള്‍ മാത്രമാണ് ദിവ്യ.
ഫ്ലാറ്റുകള്‍ക്ക് ലക്ഷങ്ങള്‍ നല്‍കി നിര്‍മാതാക്കളാല്‍ പറ്റിക്കപ്പെട്ടവര്‍ അനവധിയുണ്ട് നമ്മുടെ നാട്ടില്‍. അത്തരമൊരു വഞ്ചനയുടെ കഥയാണ് മനോരമന്യൂസ് പുറത്തു കൊണ്ടുവരുന്നത്. സാന്‍റോയല്‍ ബില്‍ഡേഴ്സ് എന്ന കമ്പനി തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിലായി പറ്റിച്ച അനേകം പേരില്‍ ഒരാളാണ് ടെക്നോപാര്‍ക്കിലെ ഐ.ടി പ്രഷണല്‍ ദിവ്യ ബാലു.
2021 മേയിലാണ് തിരുവനന്തപുരം മേനംകുളത്ത് സാന്‍റോയല്‍ ബില്‍ഡേഴ്സ് നിര്‍മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ ഒരു അപാര്‍ട്ട്മെന്‍റ് ദിവ്യ ബുക്ക് ചെയ്തത്. ബുക്കിങ് തുകയും അഡ്വാന്‍സുമായി ഏഴര ലക്ഷം ലക്ഷം രൂപയും നല്‍കി. ബാക്കി 22 ലക്ഷം ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പയായും അനുവദിച്ചു. 2022 ഡിസംബര്‍ 31നകം നിര്‍മാണം പൂര്‍ത്തിയാക്കി ഫ്ലാറ്റ് കൈമാറുമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. കരാര്‍ കാലവധി കഴിഞ്ഞ് വര്‍ഷം രണ്ടര കഴിഞ്ഞു. ഫ്ലാറ്റുമില്ല പണവുമില്ല. നാളിതുവരെ വിവിധ ഘട്ടങ്ങളിലായി റിലീസ് ചെയ്ത് ബാങ്ക് വായ്പ ഉള്‍പ്പെടേ 20 ലക്ഷം ദിവ്യയില്‍ നിന്ന് സാന്‍ റോയല്‍ വാങ്ങിയിട്ടുണ്ട്. ഈ പണം 17.15 ശതമാനം പലിശയോടെ രണ്ട് മാസത്തിനകം തിരിച്ച് നല്‍കണമെന്ന് റിയലെസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിട്ടിട്ട് 6 മാസം കഴിയുന്നു.
വാടക വീടുകള്‍ മാറി മാറി മടുത്ത ദിവ്യ ഇതിനിടെ ഒരു വീട് ബാങ്ക് വായ്പയെടുത്ത് വാങ്ങി. അതിന്‍റെ ഇ.എം.ഐക്കൊപ്പം ലഭിക്കാത്ത ഫ്ലാറ്റിനുവേണ്ടിയുള്ള ഇ.എം.ഐയും എല്ലാ മാസവും അടക്കേണ്ടി വരുന്നു. പണം തിരിച്ച് നല്‍കാനുള്ള ഉത്തരവ് നടപ്പാക്കാന്‍ വീണ്ടും പരാതിയുമായി റെറയെ സമീപിച്ചിരിക്കുകയാണ് ദിവ്യ.