നിലമ്പൂരിലെ പരസ്യപ്രചാരണം അവസാനിക്കാൻ രണ്ട് ദിവസം ശേഷിക്കെ ഇന്ന് മണ്ഡലം നിറഞ്ഞ് പ്രമുഖ നേതാക്കൾ. പ്രിയങ്ക ഗാന്ധി ഇന്ന് വൈകിട്ട് മൂത്തേടത്തും നിലമ്പൂരിലും റോഡ് ഷോ നടത്തും. പോത്തുകല്ലിലും കരുളായിലും പൂക്കോട്ടുംപാടത്തും നടക്കുന്ന പ്രചാരണ യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ക്രിക്കറ്റ് താരം യൂസഫ് പത്താൻ പി.വി.അൻവറിനു വേണ്ടി നിലമ്പൂർ മുതൽ വഴിക്കടവ് വരെ നടക്കുന്ന റോഡ്ഷോയിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങി ഒട്ടേറെ നേതാക്കൾ നിലമ്പൂരിൽ പ്രചാരണ രംഗത്തുണ്ട്.
പി.വി.അൻവറിന്റെ റോഡ്ഷോ വൈകിട്ട് 3 മണിക്ക് നിലമ്പൂർ മുതൽ വഴിക്കടവ് വരെയാണ്. റോഡ് ഷോയിൽ ടി.എം.സി എം.പിയും മുൻ ക്രിക്കറ്റ് താരവുമായ യൂസഫ് പഠാനും പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നിലമ്പൂരിൽ എത്തിയ യൂസഫ് പഠാൻ രാവിലെ 11 മണിയോടെ കുട്ടികളുമായി സംസാരിക്കുകയും ക്രിക്കറ്റ് കളിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ എത്തിയതോടെ വീടുകൾ കയറിയുള്ള വോട്ട് അഭ്യർത്ഥനയ്ക്കും വാഹന ജാഥകൾക്കുമാണ് അൻവർ പ്രാധാന്യം നൽകുന്നത്.
അതേ സമയം നിലമ്പൂർ എടക്കരയിൽ എം.സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ച വഴിക്കടവ് സ്വദേശി ഫൈസലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എടകരയിലെ പൊതുയോഗം കഴിഞ്ഞ് മുഖ്യമന്ത്രി വേദി വിടുമ്പോഴായിരുന്നു പ്രതിഷേധം. പ്രാഥമിക ചോദ്യം ചെയ്യലിൽ ഈ സിസ്റ്റത്തോടുള്ള എതിർപ്പ് കാരണമാണ് മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയതെന്നാണ് ഫൈസൽ പറഞ്ഞത്. ഏതെങ്കിലും പാർട്ടിയുടെ പ്രവർത്തകനോ അനുഭാവിയോ അല്ലെന്ന് ഫൈസൽ മൊഴി നൽകിയിട്ടുണ്ട്. മനപൂർവം കലഹമുണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് ബി.എൻ.എസ് 192 വകുപ്പ് പ്രകാരം ഫൈസലിനെതിരെ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തു.