സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കാളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണെന്ന് അധികൃതർ അറിയിച്ചു.

അവധി പ്രഖ്യാപിച്ച ജില്ലകൾ:

  1. കാസർകോട്
  2. കണ്ണൂർ (സ്കൂളുകൾക്ക് മാത്രം)
  3. വയനാട്
  4. കോഴിക്കോട് (സ്കൂളുകൾക്ക് മാത്രം)
  5. മലപ്പുറം
  6. പാലക്കാട്
  7. തൃശ്ശൂർ
  8. എറണാകുളം 
  9. ഇടുക്കി
  10. കോട്ടയം
  11. പത്തനംതിട്ട

കൂടാതെ, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, എലിമെന്ററി എജ്യുക്കേഷൻ (D.EI.Ed) പരീക്ഷയ്ക്ക് മാറ്റം ഉണ്ടാകില്ല.

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നതിനിടെ ആലപ്പുഴ കൈനകരിയിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കുട്ടമംഗലം സ്വദേശി അനിയൻകുഞ്ഞ് (58) ആണ് മരിച്ചത്. വീടിന്റെ മുറ്റത്തെ വെള്ളക്കെട്ടിൽ കാൽ വഴുതി വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

പാലക്കാട് വാടാനംകുറിശ്ശിയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണു. ഇതേത്തുടർന്ന് നിലമ്പൂർ–ഷൊർണൂർ പാസഞ്ചർ പിടിച്ചിട്ടു. മരം നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം, കൊല്ലം പോളയത്തോട് റെയിൽവേ ട്രാക്കിലേക്ക് വീണ മരം നീക്കി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. നിലവിൽ ഒരു ലൈനിലൂടെ ട്രെയിനുകൾ കടത്തിവിടുന്നുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 

ENGLISH SUMMARY:

Due to continuing heavy rainfall in Kerala, educational institutions—including professional colleges, anganwadis, and tuition centers—will remain closed tomorrow (June 13) in 10 districts. The affected districts are Palakkad, Kottayam, Ernakulam, Idukki, Kasaragod, Malappuram, Thrissur, Wayanad, Kozhikode (only schools), and Kannur (only schools). Schools in the Kuttanad Taluk of Alappuzha district will also observe a holiday. However, the D.El.Ed (Elementary Education) examinations will be conducted as scheduled.