കോഴിക്കോട് മലാപ്പറമ്പിലെ സെക്സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാരുടേത് എന്ന് കണ്ടെത്തല്‍. പൊലീസുകാരായ ഷൈജിത്തും സനിത്തുമാണ് കേന്ദ്രത്തിന്‍റെ യഥാര്‍ഥ നടത്തിപ്പുകാര്‍. പൊലീസിന്‍റെ പിടിയിലായ ബിന്ദു, മാനേജറും കാഷ്യറും മാത്രമാണെന്നും അന്വേഷണ സംഘം പറയുന്നു. ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ അപാര്‍ട്മെന്‍റില്‍ എത്തിയിരുന്നുവെന്നും ഇരുവരുടെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ ഇതിനകം വന്നിട്ടുണ്ടെന്നും തെളിഞ്ഞു. ദിവസം ഒരു ലക്ഷം രൂപയായിരുന്നു റാക്കറ്റിന്‍റെ വരുമാനം. ഇതില്‍ നല്ലൊരു പങ്കും പൊലീസുകാര്‍ക്കാണ് എത്തിയിരുന്നത്. അതേസമയം, കേസില്‍ പ്രതി ചേര്‍ത്ത് ദിവസങ്ങളായിട്ടും ഷൈജിത്തിനെയും സനിത്തിനെയും പൊലീസ് പിടികൂടാന്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം തേടാനുള്ള നീക്കത്തിലാണ് പ്രതികളെന്നും സൂചനയുണ്ട്.
ബിന്ദു ഉള്‍പ്പടെ കേന്ദ്രത്തിലെ മൂന്നുപേരെയും ഇടപാടിനെത്തിയ 2 പേരെയും മറ്റു 4 സ്ത്രീകളെയും ഒരുമിച്ചു ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ലക്ഷങ്ങളാണ് പ്രതിദിനം വരുമാനമെന്ന് ഇവര്‍ സമ്മതിച്ചു. ഒപ്പം നടത്തിപ്പിന്‍റെ രീതികളും പൊലീസുകാരുടെ ബന്ധവും യുവതികള്‍ വെളിപ്പെടുത്തി.
2020 ലാണ് ബിന്ദുവുമായി പൊലീസുകാരൻ അടുപ്പം സ്ഥാപിക്കുന്നത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പൊലീസുകാരൻ മറ്റൊരു കേസിന്റെ പരിശോധനയ്ക്കു പോയപ്പോഴാണ് ഇവരെ പരിചയപ്പെടുന്നത്. പിന്നീട് ഫോൺ നമ്പർ വാങ്ങി ബന്ധം തുടരുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. മെഡിക്കൽ കോളജിൽ നിന്ന് ഈ പൊലീസുകാരൻ പിന്നീട് വിജിലൻസിൽ എത്തി. മെഡിക്കൽ കോളജിൽ പുതിയ ഇൻസ്പെക്ടർ ചുമതലയെടുത്തതോടെ പൊലീസുകാരൻ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷൻ പരിധിയിൽനിന്നു മാറ്റുകയും ചെയ്തു.