അറബിക്കടലില്‍ തീപിടിച്ചതിന് പിന്നാലെ കൊച്ചിതീരത്തേയ്ക്ക് ഒഴുകിയെത്തിയ കപ്പലിനെ പുറംകടലിലേയ്ക്ക് നീക്കി സേനകള്‍. സേനകളുടെ സംയുക്ത ദൗത്യത്തിലൂടെ കപ്പലിനെ തീരത്തു നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലേയ്ക്ക് മാറ്റി. കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്നറുകള്‍ തിങ്കളാഴ്ചയോടെ കേരളതീരത്ത് എത്തുമെന്നാണ് മുന്നറിയിപ്പ്.
കാലാവസ്ഥ പ്രതികൂലമായതോടെ തീക്കപ്പല്‍ കൊച്ചി തീരത്തിന് 22 നോട്ടിക്കല്‍ മൈല്‍ അടുത്തുവരെ എത്തിയത് വലിയ ആശങ്കപടര്‍ത്തി. നേവി, എയര്‍ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ മണിക്കൂറുകള്‍ നീണ്ട പ്രവര്‍ത്തനം ഒടുവില്‍ വിജയംകണ്ടു. തീകപ്പലിനെ കെട്ടിവലിച്ച് 35 നോട്ടിക്കല്‍ മൈല്‍ അകലേയ്ക്ക് മാറ്റാന്‍ നിലവില്‍ കഴിഞ്ഞു. ചുരുങ്ങിയത് അന്‍പത് നോട്ടിക്കല്‍ മൈല്‍ അകലേയ്ക്കെങ്കിലും കപ്പല്‍ നീക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. കപ്പലിലെ തീ നിയന്ത്രണവിധേയമായതോടെ വലിയ ദുരന്തം ഒഴിവാക്കാനായെന്നാണ് സേനകളുടെ ആത്മവിശ്വാസം. എന്നിരുന്നാലും കേരളതീരത്ത് ആശങ്ക പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല.
തിങ്കളാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കുമിടയില്‍. എറണാകുളം, ആലപ്പുഴ കൊല്ലം ജില്ലകളില്‍ കണ്ടെയ്നറുകള്‍ തീരത്തടിയുമെന്നാണ് മുന്നറിയിപ്പ്. കപ്പലില്‍ നിന്ന് കടലില്‍ വീണതെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടാല്‍ തൊടരുതെന്നും നിര്‍ദേശമുണ്ട്. ചുരുങ്ങിയത് 200 മീറ്ററെങ്കിലും അകലം പാലിയ്ക്കണം. അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ 112ല്‍ വിളിച്ച് അറിയിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെടുന്നു. ചാവക്കാടിനും കൊച്ചിക്കും ഇടയിലെ തീരമേഖലയിലാണ് എണ്ണ വ്യാപന സാധ്യതയും നിലനില്‍ക്കുന്നു.