കാലടി പാലത്തിൽ വീണ്ടും കുഴി. രണ്ടാഴ്ച മുൻപ് മാത്രം ടാർ ചെയ്ത് അടച്ചയിടമാണ് വീണ്ടും കുഴിയായത്. രൂക്ഷമായ ഗതാഗത കുരുക്കിന് പിന്നാലെയുണ്ടായ വലിയ പ്രതിഷേധം മനോരമ ന്യൂസ് പുറത്തെത്തിച്ചതിന് പിന്നാലെയാണ് നേരത്തെ പാലത്തിലെ കുഴികൾ താൽക്കാലികമായി അടച്ചത്
എംസി റോഡില്‍ കാലടി പാലത്തിലെ കുഴിയിൽപെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയടക്കം വഴിയിൽ കുടുങ്ങിയതോടെയാണ് നാട്ടുകാരുടെയും ഈ വഴിയുള്ള യാത്രക്കാരുടെയും ദുരിതം ശ്രദ്ധ നേടിയത്. സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തിവച്ച് പ്രതിഷേധിച്ചതടക്കമുള്ളവ മനോരമ ന്യൂസ് ക്യാംപയിനിലൂടെ വാർത്തയായതോടെയാണ് അധികൃതർ കുഴിയടച്ചത്. എന്നാൽ കഷ്ടിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് പാലത്തിലെ ടാറിളകി വീണ്ടും കുഴിയായത്.
കനത്തമഴയും വാഹന തിരക്കേറിയ റൂട്ടുമായതിനാൽ കുഴികളുടെ എണ്ണം കൂടാൻ താമസമില്ല. പാലത്തിലെ സ്പാനുകളുടെ ഭാഗത്തുള്ള ടാറും ഇളകിത്തുടങ്ങിയ നിലയിലാണ്.