കാട്ടാനക്കലിയിൽ ഇടുക്കി പീരുമേട്ടിൽ ആദിവാസി സ്ത്രീ മരിച്ചു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സീതയാണ് മരിച്ചത്. ആനയെ തുരത്താൻ ശ്രമിച്ച ഭർത്താവ് ബിനുവിന് പരുക്കേറ്റു. മുറിഞ്ഞപുഴ റേഞ്ചിന് കീഴിലുള്ള വനമേഖലയിലാണ് ആക്രമണമുണ്ടായത്. സീതയുടെ മരണത്തിൽ പ്രതിഷേധിച്ച് സിപിഎം പീരുമേട് റേഞ്ച് ഓഫീസ് ഉപരോധിച്ചു. ദേശീയ പാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
കാട്ടുപത്രി ശേഖരിക്കാൻ ഉച്ചയോടെ മീൻമുട്ടി വനത്തിൽ പോയപ്പോഴായിരുന്നു സീതയെയും ഭർത്താവ് ബിനുവിനെയും കാട്ടാന തട്ടിയെറിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ സീതയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയിൽ ഉണ്ടായ രക്തസ്രാവമാണ് മരണകരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മുറിഞ്ഞപുഴ റേഞ്ചിന് കീഴിലുള്ള വനമേഖലയിലാണ് ആക്രമണമുണ്ടായത്
പീരുമേട് മേഖലയിൽ കാട്ടാന ശല്യം പതിവായതിനെ തുടർന്ന് പല തവണ പ്രതിഷേധമുയർന്നിരുന്നു. വനംവകുപ്പ് കാര്യക്ഷമമായി വിഷയത്തിൽ ഇടപെടുന്നില്ലെന്നാണ് ആരോപണം. എന്നാൽ മേഖലയിൽ ആര്‍.ആര്‍.ടി നിരീക്ഷണം ഉണ്ടെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. സീതയുടെ മരണത്തിൽ പ്രതിഷേധിച്ച് സിപിഎം പീരുമേട് റേഞ്ച് ഓഫീസ് ഉപരോധിച്ചു. ദേശീയ പാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം കടുപ്പിക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം.