അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ജീവന്‍ പൊലി‍ഞ്ഞ മലയാളി നഴ്സ് രഞ്ജിതയെ സാമൂഹ്യമാധ്യമത്തില്‍ അധിക്ഷേപിച്ച കാഞ്ഞങ്ങാട് ഡപ്യൂട്ടി തഹസില്‍ദാര്‍ എ പവിത്രന്‍ കസ്റ്റഡിയില്‍. വെള്ളരിക്കുണ്ട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ കമന്റ് ശ്രദ്ധയില്‍പെട്ടതോടെ ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്തിരുന്നു. 

265 ജീവനുകളില്‍ ഒന്ന് മാത്രമായിരിക്കാം.. പക്ഷേ, രഞ്ജിത മലയാളി മനസുകളിലെ നോവായി അവശേഷിക്കുമ്പോള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അവിടെയും ജാതിയാണ് കണ്ടത്. ജാതി അധിക്ഷേപം നിറഞ്ഞ വാക്കുകള്‍. വെന്തു കരിഞ്ഞുപോയ മനുഷ്യരോട് അല്‍പം പോലും കരുണകാണിക്കാത്ത മനസ്. അതാണ് എ പവിത്രനെന്ന ഡെപ്യൂട്ടി തഹസില്‍ദാറില്‍ നിന്ന് പുറത്തുചാടിയത്. കിട്ടേണ്ടത് കിട്ടിയെന്നതടക്കമുള്ള വാക്കുകള്‍ ഉദ്യോഗസ്ഥന്‍റെ ജാതിവെറി വ്യക്തമാക്കുന്നു. 

വിഷയം റവന്യൂമന്ത്രിയുടെ ശ്രദ്ധയില്‍പെട്ടതോടെ അടിയന്തര നടപടിയ്ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തു. ഹീനമായ പ്രവര്‍ത്തിയാണ് ഉദ്യോഗസ്ഥന്‍റേതെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു. വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് കൂടിയായ എ പവിത്രനെതിരെ കെഎസ്‍യു പൊലീസിന് പരാതി നല്‍കി. കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവിയും വ്യക്തമാക്കി. പിന്നാലെയാണ് കസ്റ്റഡിലെടുത്തത്. 

എ പവിത്രനെതിരെ ആദ്യമായല്ല അധിക്ഷേപ പോസ്റ്റിട്ടതിന് നടപടിയുണ്ടാകുന്നത്. റവന്യൂമന്ത്രിയായിരിക്കെ  കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരനെതിരെയും മോശം പരാമര്‍ശം നടത്തിയതിന്  പവിത്രനെ സസ്പെന്‍ഡ് ചെയ്തിരുന്നു. 

ENGLISH SUMMARY:

Deputy Tahsildar in Custody for Abusing Ranjitha on Social Media