രഞ്ജിതയുടെ വാടകവീടിന്റെ പരിമിതികൾക്കിടയിൽ നോവായൊരു സ്നേഹ സമ്മാനമുണ്ട്. ഒമാനിൽ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ സഹപ്രവർത്തകർ നൽകിയ മൊമെന്‍റോ . യുകെയിൽ പോകാനായി രാജിവെച്ചു പോരുമ്പോൾ നൽകിയ മൊമെന്‍റോയിലെ വാക്കുകള്‍ ഇന്ന് വായിക്കുമ്പോള്‍ ഹൃദയഭേദകമാണ്. നല്ല സൗഹൃദങ്ങളെ ഓര്‍ക്കാനായി രഞ്ജിതക്ക് നല്‍കിയ സ്നേഹോപഹാരം ഇന്ന് രഞ്ജിതയുടെ മായാത്ത ഓര്‍മയുടെ പ്രതീകമാവുകയാണ്.
വേർപെടുന്നൊരു കാറ്റിനു പറയാൻ കാലമരുളിയ സൗഹൃദമുണ്ട്. കാത്തു നിൽക്കും കനവിനു പകരാൻ കരുതിവെച്ച ഓർമ്മകൾ ഉണ്ട്. വിട പറയുകയല്ല നീ പുതു പേരിൽ ചേക്കേറുന്നു... തുടികൊട്ടും മനസ്സുകളാലെ അതിരറ്റ പ്രതീക്ഷകൾ പൂക്കാൻ, നാളേക്ക് വെളിച്ചം വീശാൻ നന്മകൾ നേരുന്നു... സ്നേഹത്തോടെ... എന്നാണ് മൊമന്‍റോയില്‍ കുറിച്ചിരിക്കുന്നത്.
നാട്ടില്‍ കൂടണയാനുള്ള രഞ്ജിതയുടെ സ്വപ്നമാണ് അഹമ്മദാബാദില്‍ ചിറകറ്റുവീണത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത അഞ്ച് വര്‍ഷത്തെ അവധിയിലാണ് വിദേശത്തേക്ക് പോകുന്നത്. ഒമാനിലായിരുന്നു ആദ്യ ജോലി. കഴിഞ്ഞ സെപ്റ്റംബറില്‍ ലണ്ടനില്‍ ജോലി ലഭിച്ചു. ആരോഗ്യവകുപ്പ് അനുവദിച്ച അഞ്ച് വര്‍ഷത്തെ അവധി അവസാനിക്കാനായതോടെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ലണ്ടനിലേക്ക് തിരിച്ചത്. നാട്ടിലെ ജോലിയില്‍ പ്രവേശിക്കും മുന്‍പ് ലണ്ടനിലെ ജോലിയില്‍ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായുള്ള യാത്രയിലാണ് രഞ്ജിത അപകടത്തില്‍പ്പെട്ടത്.
രോഗിയായ അമ്മയ്ക്കും രണ്ടു കുഞ്ഞുങ്ങൾക്കും ഒപ്പമുണ്ടാകാൻ ഉടൻ മടങ്ങിയെത്തി ജോലിക്ക് പ്രവേശിക്കുമെന്ന് ഉറപ്പുനൽകിയാണ് രണ്ടുദിവസം മുമ്പ് രഞ്ജിത ആശുപത്രിയിൽ നിന്നിറങ്ങിയതെന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.നിതീഷ് ഐസക്ക് സാമുവല്‍ ഓര്‍ത്തെടുത്തിരുന്നു.