അഹമ്മദാബാദ് വിമാനദുരന്തമുണ്ടായത് പൈലറ്റ് ഇന്‍ കമാന്‍ഡിന്‍റെ പിഴവ് കൊണ്ടാണെന്ന് ഇന്ത്യയിലാരും കരുതുന്നില്ലെന്ന് സുപ്രീംകോടതി. അപകടസമയത്ത് വിമാനം പറത്തിയിരുന്ന ക്യാപ്റ്റന്‍ സുമീത് സബര്‍വാളിന്‍റെ പിതാവ് പുഷ്കരാജ് സബര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ ദുരന്തമാണ് സംഭവിച്ചത്. പക്ഷേ മകനാണ് ഉത്തരവാദിയെന്ന് വിചാരിച്ച് ആ ഭാരവുമായി നടക്കേണ്ടതില്ലെന്നും കോടതി വയോധികനായ പിതാവിനെ ആശ്വസിപ്പിച്ചു.
'ദുരന്തം പൈലറ്റിന്‍റെ പിഴവാണെന്ന് നമ്മുടെ രാജ്യത്താരും വിശ്വസിക്കുന്നില്ല. പ്രാഥമിക റിപ്പോര്‍ട്ടിലും അത്തരത്തിലെ സൂചനയില്ല. ഇന്ധന സ്വിച്ച് ഓഫാക്കിയോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് പൈലറ്റ് ഇന്‍ കമാന്‍ഡ് മറുപടി നല്‍കിയതെന്നും' കോടതി വിശദീകരിച്ചു. എന്നാല്‍ വാള്‍ സ്ട്രീറ്റ് ജേണല്‍ അങ്ങനെ റിപ്പോര്‍ട്ട് ചെയ്തല്ലോ എന്ന് സബര്‍വാളിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, 'വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിനെ ഗൗരവമായി കാണേണ്ടതില്ല. വിദേശത്തെ കോടതിയല്ല, നമ്മുടെ കോടതിയില്‍ നിന്നല്ലേ നീതി ലഭിക്കേണ്ടത്? അതൊരു വൃത്തികെട്ട റിപ്പോര്‍ട്ടായിരുന്നു' എന്നും കേസ് പരിഗണിച്ച ജസ്റ്റിസ് സൂര്യകാന്ത് വിശദീകരിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത്തരം സ്ഥിരീകരണമില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.
ഗോപാല്‍ ശങ്കരനാരായണ്‍ ആണ് സബര്‍വാളിന് വേണ്ടി ഹാജരായത്. ലോകത്തെങ്ങും ബോയിങ് വിമാനങ്ങള്‍ക്ക് സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് സ്വന്ത്ര അന്വേഷണം നടത്തണമെന്ന ആവശ്യവും അദ്ദേഹം ഉയര്‍ത്തി. സമാന ആവശ്യമുന്നയിച്ച് മറ്റൊരു ഹര്‍ജിയും എത്തിയിട്ടുണ്ടെന്നും അതിനാല്‍ ആ കേസ് പത്താം തീയതി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.