തിരുവനന്തപുരത്ത് വിദ്യാര്‍ഥിയുടെ ജീവനെടുത്ത അപകടത്തില്‍ കെഎസ്ആര്‍സി ഡ്രൈവര്‍ രാജേഷിനെ പിരിച്ചുവിടുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ഡ്രൈവറുടെ അശ്രദ്ധമൂലമായിരുന്നു അപകടം ഉണ്ടായത്. ഡ്രൈവറെ തിരിച്ചെടുത്തത് മനോരമ ന്യൂസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജേഷിനെ തിരിച്ചെടുത്ത ഉദ്യോഗസ്ഥനെതിരെയും നടപടി. വെഹിക്കിള്‍ സൂപ്പര്‍വൈസറെ സസ്പെന്‍ഡ് ചെയ്യും. ഇയാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശ ചെയ്തു. മനോരമ ന്യൂസ് ഇംപാക്ട്.
രണ്ടാം വര്‍ഷ പരീക്ഷയുടെ തലേദിവസം മേയ് 12 ന് കൂടെ പഠിക്കുന്ന കുട്ടിയുടെ വീട്ടില്‍ ഒരുമിച്ചിരുന്ന് പഠിച്ചശേഷം താമസ സ്ഥലത്തേയ്ക്ക് മടങ്ങുമ്പോള്‍ പനവിള ഫ്ലൈ ഒാവറില്‍ കാളിദാസും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടിയിലേയ്ക്ക് വെളള വര മറികടന്നെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറുകയായിരുന്നു. പത്തനാപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസ് കാറിനെ ഓവര്‍ടേക്ക് ചെയ്ത് കയറി ഫ്ലൈ ഓവറില്‍ ഓവര്‍ടേക്കിങ് പാടില്ലെന്ന നിയമവും ലംഘിച്ചു.
മേയ് 12 ന് അപകടമുണ്ടാക്കിയ ഡ്രൈവറെ മേയ് 27 ന് തിരിച്ചെടുത്തു. മൂന്ന് മാസം മുതല്‍ ആറുമാസം വരെ മാറ്റി നിര്‍ത്തുന്ന കീഴ്‌വഴക്കവും എം പാനല്‍ ഡ്രൈവര്‍ കുറ്റക്കാരനെങ്കില്‍ തിരിച്ചെടുക്കേണ്ടന്ന നിയമവും കാറ്റില്‍ പറന്നതിനു പിന്നിലെ കളികള്‍ കാളിദാസിന്‍റെ അച്ഛന്‍ തന്നെ വെളിപ്പെടുത്തുന്നു. കാളിദാസിന്‍റെ ഒപ്പമുണ്ടായിരുന്ന സഹപാഠി ഗുരുതരമായ പരുക്കുകളോടെ ഇപ്പോഴും ചികില്‍സയിലാണ്. അപകടരമായ രീതിയില്‍ വാഹനമോടിച്ചതിന് കന്‍റോന്‍റ്മെന്‍റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസും ഡ്രൈവര്‍ രാജേഷിനെതിരെയുണ്ട്.