തൃശൂര്‍ പടിയൂരില്‍ രണ്ടാം ഭാര്യയെയും അമ്മയെയും ശ്വാസംമുട്ടിച്ച് കൊന്നശേഷം മുങ്ങിയ കോട്ടയം സ്വദേശി പ്രേംകുമാറിനെ ഉത്തരാഖണ്ഡില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൃദയാഘാതംമൂലം മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ആദ്യ ഭാര്യയായ വിദ്യയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഇരട്ടക്കൊലപാതകം.
കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ തിരഞ്ഞ് രാജ്യമൊടുക്കും പൊലീസ് വലവിരിച്ചിരുന്നു. രാജ്യംവിട്ടു പോകാതിരിക്കാന്‍ ലുക്കൗട്ട് സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ്, പ്രേംകുമാറിന്‍റെ മൃതദേഹം കേദാര്‍നാഥിലെ വിശ്രമകേന്ദ്രത്തില്‍ കണ്ടെത്തിയത്. ആയാസമെടുത്തുവേണം കേദാര്‍നാഥില്‍ എത്താന്‍. ഈ യാത്രയ്ക്കിടെ ഹൃദയാഘാതംവന്നതാകാമെന്ന് പൊലീസ് സംശയിക്കുന്നു. ഉദയംപേരൂര്‍ വിദ്യ കൊലക്കേസില്‍ പ്രതിയാണ് പ്രേംകുമാര്‍. ആദ്യ ഭാര്യ വിദ്യയെ കൊന്നത് സഹപാഠിയും കാമുകിയുമായ സുനിതയെ സ്വന്തമാക്കാനായിരുന്നു. സുനിത കൂടി ഈ കേസില്‍ പ്രതിയായതോടെ രണ്ടു പേരും ജയിലിലായി.
കൊലയ്ക്കു ശേഷം സുനിത പ്രേംകുമാറുമായി അകന്നു. ജാമ്യത്തിലിറങ്ങിയ ശേഷം തൃശൂര്‍ പടിയൂരിലെത്തി രേഖയുമായി അടുത്തു. രേഖയുടെ ആണ്‍സൗഹൃദങ്ങള്‍ അംഗീകരിക്കാന്‍ പ്രേംകുമാര്‍ തയ്യാറായിരുന്നില്ല. ഇതേ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ വഴക്കും പതിവായിരുന്നു. ഈ ഭിന്നതയാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. രണ്ടാഴ്ചയായി പ്രേംകുമാറിനെ തിരഞ്ഞു നടക്കുകയായിരുന്നു തൃശൂര്‍ റൂറല്‍ പൊലീസ്.
പ്രേംകുമാറിന്‍റെ വീട്ടില്‍ അമ്മയും സഹോദരനുമാണുള്ളത്. ആദ്യഭാര്യയില്‍ രണ്ടു മക്കളുണ്ടെങ്കിലും അവരുമായി ബന്ധമില്ല.. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിമുഖത കാട്ടുന്നതിനാല്‍ കേദാര്‍നാഥില്‍തന്നെ സംസ്ക്കരിച്ചേക്കും. പ്രേംകുമാറിന്‍റെ മരണത്തോടെ മൂന്നു കൊലക്കേസുകളുടെ വിചാരണയും അവസാനിപ്പിക്കേണ്ടിവരും .