‘ലൈഫ്’ വീടുകള്‍  എത്രയുംവേഗം പൂര്‍ത്തിയാക്കമെന്ന് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ‘ലൈഫി’ല്‍ കുടുങ്ങിയ അപേക്ഷകരുടെ ദുരിതം നേരില്‍പകര്‍ത്തിയ ‘ലൈഫാണ് സാറേ..’ എന്ന മനോരമ ന്യൂസ് വാര്‍ത്താ പരമ്പരയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഒട്ടേറെപ്പേരുടെ  ദുരിതമാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. 

അതേസമയം, ലൈഫ് ഭവനപദ്ധതിക്കായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ബജറ്റില്‍ കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച 692 കോടിയില്‍ കൈമാറിയത് നൂറ്റി അന്‍പത് കോടിയില്‍ താഴെ മാത്രം. തദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട കോടികള്‍ സര്‍ക്കാരിന് തന്നെ തിരിച്ച് നല്‍കുന്ന വിചിത്ര നടപടിയാണ് ലൈഫ് മിഷന്‍ സ്വീകരിച്ചത്. സാധാരണക്കാര്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ജീവഭയത്തോടെ അന്തിയുറങ്ങുമ്പോഴും ലൈഫിനായി അനുവദിച്ച തുക സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാര്‍ തിരികെ വാങ്ങിയെന്ന് രേഖ വ്യക്തമാക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രാമീണ  മേഖലയില്‍ 500 കോടിയും, നഗരമേഖലയില്‍ 192 കോടിയും ലൈഫ് വീടുകള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. ഗ്രാമീണ, നഗരമേഖയിലാകെ 247.36 കോടി രൂപ ലൈഫ് മിഷന് സര്‍ക്കാര്‍ കൈമാറി. 110.46 കോടി രൂപ പേരിന് പഞ്ചായത്തുകള്‍ക്ക് നല്‍കിയ ശേഷം സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 136.89 കോടി സര്‍ക്കാരിലേക്ക് തിരിച്ചടച്ചു. പ്രഖ്യാപിച്ച തുകയുടെ പകുതി പോലും അനുവദിച്ചില്ലെന്ന് മാത്രമല്ല തദ്ദേശ സ്ഥാപനങ്ങളും ഗുണഭോക്താക്കളും ദുരിതമനുഭവിക്കുമ്പോഴും പണം സര്‍ക്കാര്‍ തിരികെ വാങ്ങി. പാവങ്ങള്‍ ഇപ്പോഴും ആകുലതയോടെ കൂര‍കളില്‍ തുടരുന്നു. 

സര്‍ക്കാരിന്‍റെ വാക്ക് വിശ്വസിച്ച് വായ്പയെടുത്തും തനത് ഫണ്ടില്‍ നിന്നും ലൈഫ് ഗുണഭോക്താക്കള്‍ക്കായി പണം നല്‍കിയ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും വെട്ടിലായി. സര്‍ക്കാര്‍ സഹായം കിട്ടിയില്ലെന്ന് മാത്രമല്ല ബാധ്യതയുമേറി. പാലക്കാട്ട മരുതറോഡ് പഞ്ചായത്തിന് 95 ലക്ഷവും, എലപ്പുള്ളി പഞ്ചായത്തിന് അന്‍പത് ലക്ഷവും, തിരുവനന്തപുരം പൂവച്ചല്‍ പഞ്ചായത്തിന് എണ്‍പത് ലക്ഷവും സര്‍ക്കാര്‍ വിഹിതമായി അനുവദിച്ച് കിട്ടാനുള്ളത് ഉദാഹരണം മാത്രം. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും കുടിശിക പരിശോധിച്ചാല്‍ കോടികളായി സര്‍ക്കാര്‍ ബാധ്യത ഉയരും. 

ENGLISH SUMMARY:

Chief Minister has directed panchayat presidents to ensure the swift completion of houses under the ‘LIFE’ housing scheme. The intervention follows Manorama News’ impactful report series titled ‘Life aanu Saare…’, which highlighted the struggles of applicants stuck in the scheme. The series brought to light the hardships faced by numerous beneficiaries, prompting immediate response from the government.