ആലപ്പുഴ തീരത്ത് അറബിക്കടലിൽ എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയ സംഭവത്തിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തു. കപ്പൽ കമ്പനി ഒന്നാം പ്രതിയും ഷിപ് മാസ്റ്റർ രണ്ടാം പ്രതിയുമായാണു കപ്പലിലെ മറ്റു ജീവനക്കാർ മൂന്നാം പ്രതികളുമാണ് കേസ് റജിസ്റ്റർ ചെയ്തത്. മല്‍സ്യത്തൊഴിലാളികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയെന്നും എഫ്‌ഐആര്‍. തോട്ടപ്പിള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ ദൂരത്താണ് മേയ് 25ന് കപ്പൽ മുങ്ങിയത്. എംഎസ്‍സി എൽസ 3 എന്ന ചരക്കുകപ്പലിലുള്ള കണ്ടെയ്നറുകളിൽ എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളും സ്ഫോടക വസ്തുക്കളും ഉണ്ടെന്നിരിക്കെ പ്രതികള്‍ മനുഷ്യജീവനും സ്വത്തിനും അപകടം ഉണ്ടാക്കുംവിധം അപകരമായും ഉദാസീനമായും കപ്പൽ കൈകാര്യം ചെയ്തെന്ന് എഫ്ഐആറിൽ പറയുന്നു.
അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. അപകടം പരിസ്ഥിതി പ്രശ്നമുണ്ടാക്കിയെന്ന് എഫ്‌ഐആര്‍. മല്‍സ്യത്തൊഴിലാളികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയെന്നും എഫ്ഐആര്‍. കപ്പല്‍ കമ്പനിക്കെതിരെ േകസെടുത്തത് ഇന്ന് നല്‍കിയ പരാതിയിലാണ്. കമ്പനിക്കെതിരെ കേസെടുക്കാത്തത് വിവാദമായിരുന്നു. സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി സി.ശ്യാംജിയാണ് പരാതിക്കാരന്‍. മൽസ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ അംഗവും മൽസ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സെക്രട്ടറിയുമാണ്. മൽസ്യത്തൊഴിലാളിയുമാണ് ശ്യാംജി.
ഷിപ്പിങ് കമ്പനി കസ്റ്റംസിനു കൈമാറിയ പട്ടികപ്രകാരം അപകടകരമായ കാൽസ്യം കാർബൈഡും പോളിമർ അസംസ്കൃത വസ്തുക്കളും കൂടാതെ ഡിസിയൻഡയമൈഡ്, ഹൈഡ്രസീൻ എന്നീ രാസവസ്തുക്കളും കപ്പലിലുണ്ടായിരുന്നു. 48 കണ്ടെയ്നറുകളിൽ ഹൈഡ്രസീനും 2 കണ്ടെയ്നറുകളിൽ ഡിസിയൻഡയമൈഡുമുണ്ട്. വളം, തീപിടിത്തം പ്രതിരോധിക്കുന്നതിനുള്ള ഫയർ പ്രൂഫിങ് വസ്തുക്കൾ എന്നിവ തയാറാക്കാനാണ് ഇവ ഉപയോഗിക്കുന്നത്. കൃത്യമായി പാക്ക് ചെയ്താൽ അപകടകരമല്ലെങ്കിലും നേരിട്ടുള്ള സമ്പർക്കത്തിൽ ഇവ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നു കേരള സർവകലാശാല കെമിസ്ട്രി വിഭാഗം മേധാവി ഡോ.അനി ദീപ്തി പറഞ്ഞു. രാസവസ്തുവിന്റെ അളവും സാഹചര്യവും സമ്പർക്കവും കണക്കിലെടുത്താൽ മാത്രമേ എത്രത്തോളം അപകടകരമാണെന്നു കണ്ടെത്താൻ കഴിയൂ. മനുഷ്യരിൽ ചൊറിച്ചിൽ, ശ്വാസ തടസ്സം എന്നിവ ഇവയുണ്ടാക്കും.
13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ് ഉണ്ടെങ്കിലും 8 എണ്ണം കപ്പലിന്റെ അകത്തെ അറയിലും 5 എണ്ണം പുറത്തുമാണ്. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമിക്കാനുപയോഗിക്കുന്ന പോളിപ്രൊപ്പിലീൻ ആണു വ്യാപകമായി തീരമേഖലകളിൽ അടിഞ്ഞിരിക്കുന്നത്. 60 കണ്ടെയ്നറുകളിലുണ്ടായിരുന്ന ഇവ പക്ഷികൾക്കും ജലജീവികൾക്കും ഭീഷണിയാണ്. തേങ്ങ, ബ്രസീൽ നട്ട്, കശുവണ്ടി എന്നിവ അടങ്ങിയ 46 കണ്ടെയ്നറുകളും തടിക്കഷണങ്ങളുള്ള 87 കണ്ടെയ്നറുകളുമുണ്ട്. 4 കണ്ടെയ്നറുകളിൽ കാഷ് എന്നു രേഖപ്പെടുത്തിയിരുന്നെങ്കിലും ഇതു കാഷ്യുനട്ടാണെന്നു (കശുവണ്ടി) വ്യക്തമായതായി അധികൃതർ പറഞ്ഞു.
56 കണ്ടെയ്നറിലുള്ള ബ്ലീച്ഡ് കെമിക്കൽ തെർമോ മെക്കാനിക്കൽ പൾപ്പ് പ്രിന്റിങ് ആവശ്യത്തിന് ഉപയോഗിക്കുന്നവയാണ്. മറ്റു കണ്ടെയ്നറുകളിൽ ടിൻ പ്ലേറ്റുകൾ, ബാംബൂ സ്റ്റിക്കുകൾ, സ്റ്റീൽ കോയിലുകൾ, ഡ്രൈ്ഡ് വെജിറ്റബിൾ, പേപ്പർ ഉൽപന്നങ്ങൾ, നീറ്റുകക്ക, ഫിഷ് ഓയിൽ ഇവയുമുണ്ട്. ആകെ 643 കണ്ടെയ്നറുകൾ എന്നാണു സർക്കാർ പറഞ്ഞിരുന്നത്. 640 എണ്ണമാണ് ഷിപ്പിങ് കമ്പനി കസ്റ്റംസിനു കൈമാറിയ പട്ടികയിലുള്ളത്.