pinarayi-venugopal

കേന്ദ്ര സർക്കാരുമായി ചേർന്ന് അദാനിക്ക് വേണ്ടി മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവിതത്തിനും വിഘാതമായ നിലപാടുമായി മുന്നോട്ടുപോയ സംസ്ഥാന സർക്കാരിന് ഗതി മുട്ടിയപ്പോഴാണ് ബോധമുണ്ടായതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. 17 ദിവസം പിന്നിട്ടിട്ടും അനങ്ങാതിരുന്ന സർക്കാരിന് നമ്മൾ നിരന്തരം ഉന്നയിച്ച ആവശ്യത്തിന് മുൻപിൽ കീഴടങ്ങേണ്ടി വന്നിരിക്കുന്നുവെന്ന് അദ്ദേഹം എഫ് ബി പോസ്റ്റിലൂടെ പരിഹസിക്കുന്നു. 

ഒരുപാട് മലക്കം മറിച്ചിലുകൾക്ക് ശേഷം കേസെടുക്കാൻ തീരുമാനിച്ച സർക്കാർ നിലപാട് ഗത്യന്തരമില്ലാതെയാണ്. പക്ഷേ, ഇപ്പോഴും സർക്കാർ ഉത്തരം പറയേണ്ടുന്ന ഒരു ചോദ്യം ഇവിടെ ബാക്കിയുണ്ട്. ഏത് താത്പര്യത്തിന്റെ പുറത്താണ് 17 ദിവസം സംസ്ഥാന സർക്കാർ നിസ്സംഗത പാലിച്ചത്? അദാനിക്ക് ബിസിനസ് ബന്ധങ്ങളുള്ള ഷിപ്പിങ് കമ്പനിക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാതിരുന്നത് ഏത് ബാന്ധവത്തിന്റെ പേരിലാണ്? മറുപടി പറയേണ്ടത് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയുമാണ്.

മഹാരാഷ്ട്രയിൽ 2010ൽ സമാനമായ ഒരു കപ്പൽ അപകടം ഉണ്ടായപ്പോൾ തൊട്ടടുത്ത ദിവസം സർക്കാർ കേസെടുക്കുകയും ഭീമമായ ഒരു നഷ്ടപരിഹാരം നൽകാൻ ആ കമ്പനി ബാധ്യസ്ഥമാകുകയും ചെയ്തിരുന്നു. എന്നാൽ കൊച്ചി പുറംകടലിൽ കപ്പൽ മുങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും കേസെടുക്കാതെ സർക്കാർ ഒളിച്ചുകളിച്ചപ്പോൾ, ഈ വിഷയത്തിൽ കഴിഞ്ഞ മാസം 26ന് പ്രധാനമന്ത്രിക്ക് നേരിട്ട് ഞാൻ കത്തെഴുതുകയുണ്ടായി. നടപടികളിൽ വീണ്ടും കാലതാമസം നേരിട്ടപ്പോൾ കഴിഞ്ഞ ആഴ്ചയാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തെഴുതിയത്. എന്നാൽ കേസെടുക്കേണ്ടത് കേന്ദ്രസർക്കാരാണ് എന്നു പറഞ്ഞ് കൈകഴുകുകയായിരുന്നു കേരളത്തിന്റെ തുറമുഖ വകുപ്പ് മന്ത്രി. ഇത് മാത്രമല്ല, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിന്റെ പുറത്തുവന്ന മിനിട്സ് പരിശോധിച്ചാൽ വ്യക്തമാവും ആർക്ക് വേണ്ടിയായിരുന്നു ഈ കാലതാമസമെന്ന്. വിഴിഞ്ഞം കമ്പനിക്ക് ഏറ്റവും വേണ്ടപ്പെട്ട വ്യക്തിയുടെ കപ്പൽ കമ്പനിയാണ് പ്രതിസ്ഥാനത്താവുക എന്ന ഗുരുതരമായ യാഥാർത്ഥ്യമാണ് ഇതിന് പിന്നിലുള്ളത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച്, ഈ കമ്പനിയുമായി വ്യാപാര ബന്ധമുള്ളവരാണ് അദാനി ഗ്രൂപ്പ്. കേരളത്തിന്റെ പൊതുതാത്പര്യത്തെ ഹനിച്ച്, മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന് വിഘാതമാവുന്ന തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ എത്തിയത് എങ്ങനെയാണ് എന്നത് ഇതിൽനിന്ന് വ്യക്തമാണ്. ഹൈക്കോടതിയിൽ ഹർജി വന്നപ്പോൾ, പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും വരെ കത്തെഴുതിയപ്പോൾ ഗതിമുട്ടിയാണ് ഈ കേസെടുക്കുന്ന നിലപാടിലേക്ക് സംസ്ഥാന സർക്കാർ എത്തിയത്. 

17 ദിവസം അനങ്ങാതിരുന്ന സർക്കാർ ഇന്ന് അമ്പലപ്പുഴയിൽ ഒരു പരാതി ലഭിച്ച് അര മണിക്കൂറിനുള്ളിലാണ് കേസെടുത്തത്.

ഒരു സംഭവം ഉണ്ടായി ആദ്യം രജിസ്റ്റർ ചെയ്യേണ്ട ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ടിന് ഉണ്ടായ 17 ദിവസത്തെ കാലതാമസത്തിന് സംസ്ഥാന സർക്കാർ മറുപടി നൽകണം. അദാനിക്കു മുൻപിൽ കേന്ദ്ര കേരള സർക്കാരുകൾ ഓഛാനിച്ചു നിൽക്കുന്ന കാഴ്ചയാണ് ഇക്കാര്യത്തിലും കേരളം കണ്ടത്. അദാനിയുടെ ബിസിനസ് താൽപര്യങ്ങൾക്കു മുൻപിൽ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടേയും തീരജനതയുടേയും വേദനകൾക്ക് എന്തു വിലയാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. 

ENGLISH SUMMARY:

K.C. Venugopal fb post about pinarayi vijayan. It was only when the state government, which had aligned with the central government and taken a stance that endangered the lives and livelihoods of fishermen for the sake of Adani, found itself at a dead end that it came to its senses, said AICC General Secretary K.C. Venugopal . He mocked the government through a Facebook post, saying that the administration, which remained unmoved for 17 days, has now been forced to surrender before the demands we consistently raised.