Image: Manorama/ Rijo Joseph
സംസ്ഥാനത്ത് മഴ ശക്തമാകുന്നു . നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ടു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മധ്യകേരളത്തില്‍ വ്യാപക മഴക്ക് സാധ്യതയുണ്ട്. വരുന്ന അഞ്ചു ദിവസം സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടുക്കി, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴക്കും ഇടയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
ഇടുക്കിയില്‍ മഴ വ്യാപകമായതിനെ തുടര്‍ന്ന് കല്ലാർകുട്ടി , പാംബ്ല ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. കല്ലാർകുട്ടി ഡാമിന്‍റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. പാംബ്ല ഡാമിന്‍റെ ഷട്ടറുകൾ 50 സെന്‍റി മീറ്ററാണ് തുറന്നത്. ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ പെരിയാർ, മുതിരപ്പുഴയാറുകളുടെ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
പരക്കെ മഴക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. നാളെ മുതല്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനി ഞായര്‍ ദിവസങ്ങളില്‍ മധ്യകേരളത്തിലും വടക്കന്‍ജില്ലകളിലും അതിശക്തമായ മഴ കിട്ടും. ഞായറാഴ്ച സംസ്ഥാനം മുഴുവനും ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുകയാണ്.