നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരായ കേസിൽ വനിതാ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു പോലീസ്. ബാങ്കിൽ നിന്ന് ശേഖരിച്ച അക്കൗണ്ട് വിവരങ്ങളുടെ പ്രാഥമിക പരിശോധനയിലാണ് സാമ്പത്തിക ഇടപാട് കണ്ടെത്തിയത്. കൃഷ്ണകുമാറിനും കുടുംബത്തിന് എതിരെ പരാതി നൽകിയ മൂന്നു വനിതാ ജീവനക്കാരുടെയും കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണന്റെയും അക്കൗണ്ട് വിവരങ്ങളാണ് ശേഖരിച്ചത്.
2024 ജനുവരി മുതൽ കഴിഞ്ഞമാസം വരെയുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മൂന്നു വനിതാ ജീവനക്കാരുടെയും അക്കൗണ്ടിലേക്ക് പണം വരുകയും പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത് കൃഷ്ണകുമാറും കുടുംബവും ആരോപിക്കുന്നത് പോലെ കടയിൽ നിന്നും തട്ടിയെടുത്തതാണോ എന്ന് സ്ഥിരീകരിക്കാൻ വിശദപരിശോധന വേണമെന്ന് അതിന് രണ്ടുദിവസം സമയമെടുക്കും എന്നുമാണ് പോലീസ് അറിയിക്കുന്നത്.
അതിനിടെ ഇന്നലെ വനിതാ ജീവനക്കാരുടെ മൊഴിയെടുക്കാൻ പോലീസ് അവരുടെ വീട്ടിലെത്തിയെങ്കിലും കാണാൻ സാധിച്ചില്ല. അഭിഭാഷകനെ കാണാൻ പോയി എന്ന് പറഞ്ഞ് മൂന്ന് ജീവനക്കാരും പോലീസിന് മൊഴി നൽകാതെ മാറി നിൽക്കുകയായിരുന്നു. ഇതോടെ വൈകുന്നേരം വരെ കാത്തിരുന്ന ശേഷം മ്യൂസിയം പോലീസ് തിരികെ പോന്നു. ഇന്നും മൊഴിയെടുക്കാൻ ശ്രമിച്ചേക്കും.