mullapperiyar-dam

മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തണമെന്ന തമിഴ്നാടിന്‍റെ ആവശ്യം തൽക്കാലം മാറ്റിവയ്ക്കാൻ മേൽനോട്ട സമിതിയുടെ തീരുമാനം. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നും തമിഴ്നാടുമായി ചര്‍ച്ചയാകാമെന്നും കേരളം. ഡാമിന്‍റെ ജലനിരപ്പ് തല്‍സമയം ലഭിക്കണമെന്ന ആവശ്യവും കേരളം ഉന്നയിച്ചു.

ഡാം ബലപ്പെടുത്തുന്നതിന് മുൻപ് ഐസോടോപ്പ് പഠനം നടത്തണമെന്ന ആവശ്യമാണ് മേല്‍നോട്ട സമിതി യോഗത്തില്‍ കേരളം ഉന്നയിച്ചത്. ഡാമിന്‍റെ മുൻവശത്ത് 110 അടി താഴെയുള്ള ഭാഗത്തെ കുഴികളും വിള്ളലുകളും അടയ്ക്കുകയാണ് ആദ്യം വേണ്ടത്. 80 അടിക്കും 110 അടിക്കും ഇടയിലുള്ള ഭാഗവും പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തണമെന്നും കേരളം ആവശ്യപ്പെട്ടു. ഇതോടെയാണ് മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തണമെന്ന തമിഴ്നാടിന്‍റെ ആവശ്യം തൽക്കാലം മാറ്റിവയ്ക്കാൻ മേൽനോട്ട സമിതി തീരുമാനിച്ചത്. പുതിയ ഡാം എന്ന ആവശ്യം വീണ്ടും യോഗത്തിൽ ഉയർത്തിയ കേരളം ഇക്കാര്യത്തിൽ ചർച്ചയ്ക്ക് തയാറാകണമെന്നും ആവശ്യപ്പെട്ടു. 

ഡാമിന്‍റെ സുരക്ഷാ പരിശോധന ഒറ്റയ്ക്ക് നടത്തണമെന്ന തമിഴ്നാടിന്‍റെ ആവശ്യത്തെയും കേരളം എതിർത്തു. ഡാമിന്‍റെ ജലനിരപ്പ് തൽസമയം ലഭിക്കണമെന്നുള്ള ആവശ്യം പരിഗണിക്കാൻ മേൽനോട്ട സമിതി തമിഴ്നാടിന് നിർദേശം നൽകി. വള്ളക്കടവ്–മുല്ലപ്പെരിയാർ റോഡ് കല്ല് പാകി ബലപ്പെടുത്താം, എന്നാല്‍ ടാറിങ്ങോ വീതികൂട്ടലോ അനുവദിക്കില്ലെന്നും കേരളം വ്യക്തമാക്കി. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനു 15 മരങ്ങൾ മുറിക്കാൻ തമിഴ്നാട് പുതുക്കി നൽകിയ അപേക്ഷയിൽ കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം നിലപാട് അറിയിച്ചുവെന്നാണു വിവരം. കേരളത്തെ പ്രതിനിധീകരിച്ച് അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സ്പെഷൽ സെക്രട്ടറി ജീവൻ ബാബു, സംസ്ഥാനന്തര നദീജലവിഷയത്തിലെ ഉപദേഷ്ടാവ് ജയിംസ് വിൽസൺ, ചീഫ് എന്‍ജിനീയര്‍ ആര്‍.പ്രിയേഷ് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

ENGLISH SUMMARY:

The oversight committee has decided to temporarily defer Tamil Nadu’s demand to strengthen the Mullaperiyar Dam. Kerala has expressed willingness to hold discussions with Tamil Nadu regarding the construction of a new dam at Mullaperiyar. Kerala has also demanded real-time access to the dam’s water level data