ട്രെയിൻ തട്ടി മരിച്ച 17കാരന്‍റെ മൃതദേഹം ബന്ധുക്കളെ അറിയിക്കാതെ സംസ്കരിച്ച് പൊലീസ്. വെമ്പായം തേക്കട സ്വദേശി അഭിജിത്തിന്‍റെ മൃതദേഹമാണ് പൊലീസ് സംസ്‌കരിച്ചത്. അഭിജിത്തിനെ കാണാനില്ലെന്ന് മാർച്ച് പതിനാലിന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. മാർച്ച് 5ന് അഭിജിത്ത് പേട്ടയിൽ ട്രെയിൻ തട്ടി മരിച്ചു. ഇത് ബന്ധുക്കൾ അറിയുന്നത് ഇന്നലെ മാത്രം. അപ്പോഴേക്കും അജ്ഞാത മൃതദേഹം എന്ന് പറഞ്ഞു മൃതദേഹം പേട്ട പോലീസ് സംസ്കരിച്ചിരുന്നു. പോലീസിന് സംഭവിച്ചത് ഗുരുതരവീഴ്ച. മരണത്തിലും സംസ്കാരത്തിലും ദുരൂഹതയെന്ന് കുടുംബം മനോരമ ന്യൂസിനോട് പറഞ്ഞു.
കൊച്ചു മകനെ കാത്തിരുന്ന് ഒടുവിൽ അവന്‍റെ മ്യതദേഹം പോലും കാണാൻ കഴിയില്ലെന്ന തിരിച്ചറിവിൽ കരഞ്ഞ് തളർന്ന് പോയ ഒരു മുത്തശ്ശി. 17 വയസ് മാത്രമായിരുന്നു അവന്‍റെ പ്രായം. അവസാനമായി കണ്ടത് മാർച്ച് 3ന്. തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കുറച്ച് ദിവസം കാത്തു. വരാതായപ്പോൾ മാർച്ച് 14ന് വട്ടപ്പാറ പൊലീസിൽ പരാതി നൽകി. അപ്പോഴേക്കും മകൻ ജീവനറ്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ കിടപ്പുണ്ടെന്ന് ഇവർ അറിഞ്ഞില്ല. കൂട്ടിക്കൊണ്ട് പോയ സുഹൃത്തിനെ കുറിച്ച് വിവരം നൽകിയിട്ടും കണ്ടെത്താൻ രണ്ട് മാസം കഴിഞ്ഞിട്ടും വട്ടപ്പാറ പോലിസിന് ആയില്ല. ഒടുവിൽ സുഹൃത്തിനെ അവൻ്റെ അമ്മ ഇന്നലെ സ്റ്റേഷനിൽ ഹാജരാക്കി. അപ്പോൾ മാത്രമാണ് അഭിജിത്ത് മാർച്ച് 5നു പേട്ടയിൽ ട്രെയിൻ തട്ടി മരിച്ച വിവരം പോലിസും ബന്ധുക്കളും അറിയുന്നത്. പിന്നാലെ പേട്ട പൊലിസിനെ ബന്ധപ്പെട്ടപ്പോൾ ആണ് മ്യതദേഹം ഏപ്രിൽ 15ന് അജ്ഞാത മൃതദേഹം എന്ന് പറഞ്ഞു സംസ്കരിച്ചു എന്നറിയുന്നത്.
റെയിൽവെ ട്രാക്കിൽ നിന്ന് അജ്ഞാത മൃതദേഹം കിട്ടിയ വിവരം പേട്ട പോലീസ് വട്ടപ്പാറ ഉൾപ്പെടെയുള്ള എല്ലാ സ്റ്റേഷനുകളിലേക്കും മാർച്ച് അഞ്ചിന് രാത്രി തന്നെ കൈമാറിയിട്ടുണ്ട്. പക്ഷേ ഇവർ ശ്രദ്ധിച്ചില്ല. ഒരു 17 കാരന്‍റെ തിരോധാനം എത്ര ലാഘവത്തോടെയാണ് അന്വേഷിക്കുന്നത് എന്ന് വ്യക്തമാക്കുന്നു ഈ അനാസ്ഥ. മാർച്ച് 5്ന് ട്രെയിൻ തട്ടി മരിച്ച വിവരം അഭിജിത്തിന്‍റെ സുഹൃത്തുക്കൾ അറിഞ്ഞിട്ടും എന്തുകൊണ്ട് പോലീസിനെയോ ബന്ധുക്കളെയോ അറിയിച്ചില്ല. അഭിജിത്തിൻറെ മരണം അപകടമോ അതല്ല മറ്റാർക്കെങ്കിലും പങ്കുണ്ടോ ? കാര്യങ്ങളെല്ലാം വിശദമായ അന്വേഷണമാണ് കുടുംബം ആവശപ്പെടുന്നത്.