ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അമ്മ സിന്ധു കൃഷ്ണ. മകള്‍ ഒരുപാട് ഇഷ്ടത്തോടെ കൂടെ കൂട്ടിയവരാണ് പറ്റിച്ചതെന്നും അത് അവള്‍ക്ക് ഏറെ വേദനയുണ്ടാക്കി എന്നും സിന്ധു പറഞ്ഞു. ഇഷാനിക്ക് തോന്നിയ സംശയമാണ് തട്ടിപ്പിന്‍റെ ചുരുളഴിച്ചതെന്നും തങ്ങള്‍ വിചാരിച്ചതിനെക്കാള്‍ വലിയ തുകയാണ് അവര്‍ എടുത്തതെന്നും സിന്ധു കൃഷ്ണ പറഞ്ഞു. കേരള രാഷ്ട്രീയം എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സിന്ധു കൃഷ്ണ ഈ കാര്യങ്ങള്‍ പറഞ്ഞത്.
‘‘ദിയ വിശ്വസിച്ച് ഷോപ്പിൽ നിർത്തിയിരുന്ന പിള്ളേരായിരുന്നു അവർ. എനിക്ക് പലപ്പോഴും ഒരു റോങ്ങ് വൈബ് അവരിൽ നിന്ന് ഫീൽ ചെയ്തിട്ടുണ്ട്. പക്ഷേ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. ഇഷാനിയുടെ ഒരു സുഹൃത്ത് അവിടെ പോയി സാധനം വാങ്ങിച്ചപ്പോൾ ആ കുട്ടിയുടെ പേയ്മെന്റ് മറ്റൊരു ക്യുആർ കോഡിൽ വാങ്ങിയതോടു കൂടിയാണ് ഈ വിവരം പുറത്തറിഞ്ഞത്. എനിക്കും ഷോക്കിങ് ആയിരുന്നു ഈ വാർത്ത. അഞ്ഞൂറോ ആയിരമോ എടുക്കുന്നതുപോലെ അല്ലല്ലോ ഇത്രയും വലിയൊരു തുക എടുക്കുന്നത്. ഇഷാനിയുടെ ഒരു സുഹൃത്ത് അവിടെ പോയി സാധനം വാങ്ങിയപ്പോൾ അവരുടെ ക്യുആർ കോഡ് ആണ് പണം അയയ്ക്കാൻ കൊടുത്തത്. അങ്ങനെ ആ കുട്ടി ഇഷാനിയോട് ചോദിച്ചു. ഇഷാനി, ദിയയോട് ഇക്കാര്യം ചോദിച്ചപ്പോൾ ദിയ പറഞ്ഞു അങ്ങനെ ഞാൻ അവരോട് പറഞ്ഞിട്ടില്ലല്ലോ എന്ന്. അങ്ങനെ സംശയം തോന്നി ദിയ ഇൻസ്ഗ്രാമിൽ ഒരു സ്റ്റോറി ഇട്ടിരുന്നു, ‘എന്‍റെ ഓഫിസിൽ വന്ന് ആരെങ്കിലും എന്‍റേതല്ലാത്ത ക്യുആർ കോഡിൽ പണം കൊടുത്ത് സാധനം വാങ്ങിയിട്ടുണ്ടെങ്കിൽ അറിയിക്കണമെന്ന്’. അത് പോസ്റ്റ് ചെയ്ത ഉടൻ തന്നെ ആയിരക്കണക്കിന് മെസ്സേജ് ആണ് ഞങ്ങൾക്ക് വന്നത്. അങ്ങനെയാണ് ഇത് കണ്ടുപിടിക്കുന്നത്.
എന്‍റെ മാനസികാവസ്ഥ ഇപ്പോൾ എന്താണെന്ന് ചോദിച്ചാൽ എനിക്കറിയില്ല. നമുക്ക് മുന്നിൽ വരുന്നതെല്ലാം നേരിട്ടല്ലേ പറ്റൂ. നമ്മുടെ ഭാഗത്ത് ശരിയുണ്ടെങ്കിൽ പേടിക്കേണ്ട കാര്യമില്ല. ആ കുട്ടികളെ കയ്യോടെ പിടിക്കുകയും അവർ കുറ്റസമ്മതം നടത്തുകയും ചെയ്യുന്ന വിഡിയോ നമ്മുടെ കയ്യിൽ ഉണ്ട്. ആ വിഡിയോ പോലും ഞങ്ങൾ പുറത്തുവിടാതെ ഇരുന്നതാണ്. ഇപ്പോൾ അവർ ഞങ്ങൾക്കെതിരെ കേസുമായി പോയതുകൊണ്ടാണ് അത് പുറത്തുവിട്ടത്. തെറ്റ് ചെയ്തു അവർ കുറ്റം സമ്മതിച്ചു. നമ്മൾ വിചാരിക്കുന്നതിനേക്കാൾ വലിയൊരു തുക അവർ എടുത്തു. നമ്മൾ അപ്പോഴും ചിന്തിക്കുന്നത് ഇത് പുറത്തുവിട്ടാൽ അവരുടെ പേരു മോശമാകും എന്നായിരുന്നു.
പണം കൊണ്ടുവരാം കേസു കൊടുക്കരുത് ഞങ്ങളുടെ ജീവിതം നശിപ്പിക്കരുത് എന്നാണ് അവർ പറഞ്ഞിരുന്നത്. അന്ന് അവർ ഇവിടെ ഇരിക്കുമ്പോഴോ ഇറങ്ങി പോകുമ്പോഴോ തന്നെ നമുക്ക് വേണമെങ്കിൽ പൊലീസിനെ വിളിക്കാം. പക്ഷേ ഞങ്ങൾ ഒന്നും ചെയ്തില്ല. മൂന്ന് പെൺകുട്ടികളാണ്, പ്രായം കുറഞ്ഞവരാണല്ലോ, രണ്ടുപേര് 25 വയസ്സിന് താഴെ പ്രായമുള്ളവരാണ്. അവർക്ക് ഒരുപാട് ജീവിതം മുന്നിലുണ്ട്. അപ്പോ നമ്മളായി ആ കുട്ടികളുടെ ഭാവി തകർക്കരുത്, ക്ഷമിക്കാം എന്നാണു കരുതിയിരുന്നത്. പക്ഷേ അതിനുശേഷം കൂടെയുള്ള ആരെങ്കിലും അവർക്ക് കൊടുക്കുന്ന ഉപദേശം കേട്ടിട്ട് ആയിരിക്കാം, അവർ ആ ദിവസം രാത്രി ദിയയെ വിളിക്കുന്നതും എന്തൊക്കെയോ വേണ്ടാത്തത് പറയുന്നതും. അതിലോട്ടൊന്ന് പോകുമ്പോൾ അവരുടെ ടോൺ മാറുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങൾ ഒരു കേസ് കൊടുത്തത്. കേസ് കൊടുക്കേണ്ട എന്നുകരുതിയതാണ്. ഇത്രയും വലിയ തുക കൊണ്ടുപോയി എന്നറിഞ്ഞിട്ടും ഇത്രയും വലിയ മനസ്സു കാണിച്ചതാണ്. അവരോട് ക്ഷമിക്കാനാണ് മനസ്സ് പറയുന്നത്. അവരോട് ദേഷ്യമുണ്ട്, തീർച്ചയായും നമുക്ക് ദേഷ്യമുണ്ട്, തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണം. പക്ഷേ മകൾ വളരെ ഇഷ്ടത്തോടെ വച്ചിരുന്നതാണ് ഇവരെ. ഈ കുട്ടികളെ പൊലീസ് പിടിക്കുന്നതൊന്നും അവൾക്ക് സഹിക്കാൻ കഴിയില്ലായിരുന്നു.
ദിയ ഈ ക്രൈം കണ്ടുപിടിച്ചതിന്‍റെ പിറ്റേന്ന് തന്നെ നാലരലക്ഷം തിരികെ കൊണ്ടു തരണമെങ്കിൽ അവരുടെ കയ്യിൽ റെഡി ക്യാഷ് ഉണ്ട്. രാവിലെ പണയം വയ്ക്കാൻ പോകാൻ പോലും സമയമില്ല. ഒൻപത് മണി ആയപ്പോഴാണ് ദിയുടെ ഫ്ലാറ്റിൽ അവർ ഓടി വന്ന് കാല് പിടിക്കാൻ തുടങ്ങിയത്. അയ്യോ ചേച്ചി ഇത് വയ്ക്ക്, ആരോടും പറയല്ലേ ആരോടും പറയല്ലേ എന്ന് പറഞ്ഞു. അങ്ങനെയാണ് ദിയ ഞങ്ങളെ വിളിച്ചത്. ഈ പിള്ളേര്‍ ഇവിടെ കാശുമായി വന്നു കിടന്ന് കരഞ്ഞു ബഹളം വയ്ക്കുന്നു, നിങ്ങളൊന്ന് വരുമോ എന്ന് ചോദിച്ചു. ദിയ ആകെ സമ്മർദത്തിൽ ആയിപോയി. ഇത്രയും കാശോടെ വന്നപ്പോഴാണ് ദിയ ആലോചിക്കുന്നത് ഇത്രയും അവർ എടുത്തോ എന്നതു തന്നെ? അങ്ങനെയാണ് ഞങ്ങൾ പോയത്.
ഞാൻ ആകെ പറഞ്ഞത് ഇത്രയേ ഉള്ളൂ, നിങ്ങൾ ദിയയുടെ ഓഫിസിൽ ജോലി ചെയ്യാൻ തുടങ്ങിയ അന്നുതൊട്ടുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ് ഒന്ന് കാണിക്കൂ. അത് കണ്ടിട്ട് അതിലപ്പോൾ കൂടുതൽ ഒന്നുമില്ലെങ്കിൽ നിങ്ങൾക്കും പോകാം, നമുക്കും പോകാം, ഇത് ഇവിടെ തീർന്നു. അത് പറഞ്ഞപ്പോൾ ഇവർക്ക് ടെൻഷൻ ആയി. അപ്പോൾ കൂടെയുള്ള പയ്യൻ കുറച്ചുകൂടി ക്യാഷ് കൊണ്ടുവരാം എന്നു പറഞ്ഞു. ദിയയുടെ ഫ്ലാറ്റിന്റെ റിസപ്ഷൻ ഏരിയയിലാണ് ഇവരു വരുന്നതും ഈ കാലുപിടി നടക്കുന്നതും. അത് അവിടെ ഉള്ളവർക്ക് ബുദ്ധിമുട്ടാകും. അപ്പോഴാണ് ഓഫിസിൽ പോകാം, നമുക്ക് അവിടെ ഇരുന്ന് സംസാരിക്കാം എന്നു പറഞ്ഞത്. അങ്ങനെയാണ് ഞങ്ങളുടെ ഓഫിസിൽ ഇവർ വന്നത്. ഇവിടെ ഇരിക്കുമ്പോൾ ഒരു പെൺകൊച്ചിന്റെ ഭർത്താവ് പോയി നാലുലക്ഷം കൊണ്ടുവന്നു. ഞങ്ങളുടെ കയ്യിൽ ഇത്രയേ ഉള്ളൂ ഞങ്ങൾക്ക് ഇനി തരാൻ ഒന്നുമില്ല എന്നൊക്കെ പറഞ്ഞു. അവസാനം ഇവിടുന്ന് പോകുന്നതിനു മുമ്പേ ഇനിയും പറ്റുന്നത് കൊണ്ടുവരാം എന്ന് പറഞ്ഞു. ഇതു പറഞ്ഞിട്ടാണ് അവർ പോകുന്നത്.
ഞങ്ങളുടെ സോഷ്യൽ മീഡിയയിൽ ഇക്കാര്യങ്ങൾ ഇട്ടാൽ പോലും എല്ലാവരെയും അറിയിക്കാം. പക്ഷേ ഞങ്ങൾ ആരും അത് ചെയ്തില്ല. എല്ലാവരുടെയും കയ്യിൽ അവർ കുറ്റസമ്മതം ചെയ്യുന്ന വിഡിയോ ഉണ്ട്. എന്ന് തൊട്ടാണ് ചെയ്തു തുടങ്ങുന്നത് എന്ന് ചോദിക്കുമ്പോൾ ഇത്ര മാസം വരെ പറയുന്നുണ്ട്. എന്തിനാണ് ഇത് ചെയ്തത് എന്ന് ചോദിക്കുമ്പോൾ ദിയയെ ഇഷ്ടമല്ലാത്തുകൊണ്ടാണ് അത് ചെയ്തത് എന്നുവരെ പറയുന്നുണ്ട്. ഇങ്ങനെയൊക്കെ ചെയ്താൽ നിങ്ങൾ പിടിക്കപ്പെടും എന്ന് നിങ്ങൾക്ക് അറിയില്ലേ എന്നുചോദിച്ചപ്പോൾ അറിയാം എന്നെങ്കിലും പിടിക്കും എന്ന് അറിയാം എന്നും പറയുന്നുണ്ട്. ഇപ്പോൾ തന്നെ വളരെ കുറച്ചു വിഷ്വൽ ആണ് ഞങ്ങൾ പുറത്തുവിട്ടത്. അല്ലാതെ അവർ ഇരുന്നു കരയുന്നതും കാലുപിടിക്കുന്നതും ഒന്നും ഇട്ടിട്ടില്ല,' സിന്ധു കൃഷ്ണ പറഞ്ഞു.