മഹാദുരന്തം കഴിഞ്ഞ് മറ്റൊരു മഴക്കാലം എത്തുമ്പോളും വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കാന്‍ റഡാര്‍ സംവിധാനം ആയില്ല. പുല്‍പ്പള്ളി പഴശിരാജ കോളജ് ക്യാംപസില്‍ സ്ഥലം കണ്ടെത്തിയെങ്കിലും റഡാര്‍ സ്ഥാപിക്കുന്നതിന്‍റെ നടപടികള്‍ ഇനിയും നീളുകയാണ്.
ഇക്കൊല്ലം മഴയ്ക്ക് മുന്‍പേ വയനാട്ടില്‍ റഡാര്‍ സ്ഥാപിക്കുമെന്നായിരുന്നു ഉരുള്‍പൊട്ടലിന് പിന്നാലെ റവന്യൂമന്ത്രി പറഞ്ഞത്. പുല്‍പ്പള്ളി പഴശിരാജ കോളജ് ക്യാംപസില്‍ ഇതിനായി സ്ഥലം കണ്ടെത്തി മണ്ണ് പരിശോധന അടക്കം പൂര്‍ത്തിയാക്കിയിരുന്നു. 100 കിലോമീറ്റര്‍ റേഡിയസില്‍ സിഗ്നല്‍ ലഭിക്കുന്ന എക്സ് ബാന്‍ഡ് റഡാറാണ് സ്ഥാപിക്കുന്നത്. മഴമേഘങ്ങളുടെ സ്വഭാവം, ഉയരം എന്നിവ മനസിലാക്കി മഴയുടെ തീവ്രത, വ്യാപ്തി എന്നിവ പ്രവചിക്കുന്ന ആധുനിക റഡാറാണിത്. എന്നാല്‍ റഡാറിന്‍റെയും അനുബന്ധ ഘടകങ്ങളുടെയും നിര്‍മാണം നീളുകയാണ്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഏകോപനത്തോടെ കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് റഡാര്‍ സ്ഥാപിക്കുന്നത്. കോഴിക്കോട്,കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ക്കും കര്‍ണാടക, തമിഴ്നാട് അതിര്‍ത്തി പ്രദേശത്തും ഈ റഡാറിന്‍റെ പ്രയോജനം ലഭിക്കും. റഡാര്‍ സ്ഥാപിച്ചതിന് ശേഷം അത് കാലിബറേറ്റ് ചെയ്യാന്‍ ഏഴ് മാസം സമയം എങ്കിലും എടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഈ കാലവര്‍ഷ സമയത്ത് റഡാറിന്‍റെ പ്രയോജനം വടക്കന്‍ ജില്ലകള്‍ക്ക് ലഭിക്കില്ല.
ഭൂമിയുടെ സംരക്ഷണ കവചത്തില്‍ ഉണ്ടാകുന്ന വിള്ളലുകളുടെ വ്യാപ്തി അളക്കാന്‍ കഴിയുന്ന ലാന്‍ഡ് പ്രഷര്‍ സെന്‍സറുകളാണ് മറ്റൊന്ന്. ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇത് സ്ഥാപിക്കാന്‍ അമൃത സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് യാഥാര്‍ഥ്യമായാല്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് ലഭിക്കുന്ന കാര്യത്തില്‍ ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍.