TOPICS COVERED

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 52 ദിവസം സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വരുകയാണ്. കിളിമീന്‍ , വെമ്പിളി, വെട്ടല്‍ തുടങ്ങി വലിയ ബോട്ടുകളുടെ വലയില്‍ കുടുങ്ങുന്ന മീനുകളൊന്നും കുറച്ച്  കാലത്തേക്ക് ലഭിക്കില്ല.  മലയാളികളുടെ പ്രിയപ്പെട്ട മത്തിക്കും അയലയ്ക്കും നിരോധനകാലത്തും ക്ഷാമം ഉണ്ടാകില്ല. ആഴക്കടല്‍ മത്സ്യബന്ധനം ഉണ്ടാകില്ല.തീരത്ത് നിന്ന് 10 നോട്ടിക്കല്‍ മൈല്‍ വരെ ദൂരത്തില്‍ ചെന്ന് ചെറുവള്ളങ്ങള്‍ക്ക് മീന്‍ പിടിക്കാം. ‍ഞണ്ട് ഉള്‍പ്പടെയുള്ളവയെ തല്‍ക്കാലം ഭക്ഷണ മെനുവില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടി വരും.

കര്‍ണാടക , ഒഡീഷ.ഗുജറാത്ത് തുടങ്ങി സംസ്ഥാനങ്ങളില്‍ നിന്നും വലിയ രീതിയില്‍ മീനുകള്‍ വിപണിയിലേക്ക് എത്തുന്നതിനാല്‍ ക്ഷാമം അനുഭവപ്പെടില്ല. പക്ഷേ കേരളതീരത്ത് കിട്ടുന്ന മീനുകള്‍ അക്കൂട്ടത്തില്‍ ഉണ്ടാകില്ല എന്നു മാത്രം. ട്രോളിങ് നിരോധനകാലത്തിനൊപ്പം കാലവര്‍ഷവും വന്നു പോയില്ലെങ്കില്‍ അത് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും മത്സ്യതൊഴിലാളികള്‍ക്കിടയില്‍ ഉണ്ട്.

കേരള തീരത്ത് സുലഭമായി ലഭിച്ചിരുന്ന പലമീനുകള്‍ക്കും ഇതിനോടകം വംശനാശം സംഭവിച്ചിട്ടുണ്ട്. ട്രോളിങ് നിരോധനം കഴിഞ്ഞ് വീണ്ടും കടലിലേക്ക് ഇറങ്ങുമ്പോഴെങ്കിലും വലനിറയെ മീന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യതൊഴിലാളികള്‍.

ENGLISH SUMMARY:

A 52-day trawling ban starts tonight across Kerala. While deep-sea fishing is halted, small boats can fish within 10 nautical miles. Sardines and mackerel to remain available.