ഉപകരണക്ഷാമം കാരണം അടിയന്തര ചികിൽസ പോലും നിലച്ച തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ രണ്ടു ദിവസത്തിനകം ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ ആകുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഉപകരണങ്ങൾ വാങ്ങാൻ പുതിയ കരാർ ഒപ്പിടും. ശസ്ത്രക്രിയകൾ മുടങ്ങിയും മാറ്റിവച്ചും സാധാരണക്കാരായ രോഗികൾ ദുരിതപ്പെടുന്നു എന്ന മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് ഇടപെടൽ.
നൂറുകണക്കിന് രോഗികളെ കടുത്ത പ്രതിസന്ധിയിലാക്കിയ ഉപകരണ ക്ഷാമത്തിൽ ശക്തമായ ഇടപെടലുണ്ടാകുമെന്ന് മനോരമ ന്യൂസ് മോണിങ് എക്പ്രസിലാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആദ്യം പറഞ്ഞത്. പിന്നാലെ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ ശ്രീചിത്ര ഡയറക്ടർ, വകുപ്പ് മേധാവികൾ എന്നിവർ യോഗം ചേർന്നു. യോഗ ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി ഉടൻ പ്രശ്നപരിഹാരമെന്ന് ഉറപ്പ് നല്കുകയും ചെയ്തു.
തുടർന്ന് ശ്രീചിത്രയിലെ വിവിധ പദ്ധതികളെക്കറിച്ച് മന്ത്രി അവലോകനം നടത്തുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അച്യുതമേനോൻ സെൻററിലേക്ക് തള്ളിക്കയറിയത് വൻ സുരക്ഷാ വീഴ്ചയായി. മന്ത്രിയുടെ പൈലറ്റ് സംഘം മാത്രമാണ് സുരക്ഷ്യ്ക്കുണ്ടായിരുന്നത്. മന്ത്രി ആറാം നിലയിൽ ഇരിക്കുമ്പോൾ അഞ്ചാം നില വരെ കയറിയ പ്രവർത്തകരെ മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ റൂമിലിട്ട് പൂട്ടി. പ്രതിഷേധിച്ചവരെ കാണാൻ ശ്രീചിത്ര ഡയറക്ടർ ഡോ സഞ്ജയ് ബെഹാരി പ്രതിഷേധക്കാർക്ക് അടുത്തേക്ക് എത്തിയതും അപൂർവതയായി. ഉടൻ പരിഹാരം ഉണ്ടാക്കുമെന്ന ഡയറക്ടറുടെ ഉറപ്പിൽ പ്രതിഷേധക്കാരും തണുത്തു.