കോഴിക്കോട് തീരത്ത് ചരക്ക് കപ്പലില്‍ തീപിടിത്തം. ബേപ്പൂരില്‍നിന്ന് 78 നോട്ടിക്കല്‍ മൈല്‍ അകലെയാണ് വാന്‍ ഹായി 503  കപ്പലില്‍ പൊട്ടിത്തെറിയും തീപിടിത്തവും . കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലില്‍ 22 ജീവനക്കാരാണുണ്ടായിരുന്നത്. തീ അണയ്ക്കാന്‍  ശ്രമിച്ച നാല് നാവികരെ കാണാനില്ല. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കടലില്‍ ചാടിയ പതിനെട്ടുപേരെ രക്ഷിച്ചിട്ടുണ്ട്.  

Read Also: ഡെക്കില്‍ സ്ഫോടനം; കപ്പലില്‍ അപകടരമായ വസ്തുക്കള്‍; 18 പേരെ രക്ഷിച്ചു

കണ്ടെയ്നര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വലിയ തീ  ഉയര്‍ന്നു. 20 കണ്ടെയ്നറുകള്‍ കടലില്‍ വീണു‌‌. തീപിടിപ്പിച്ചാല്‍ കത്തുന്ന ദ്രാവകങ്ങളുള്‍പ്പെടെയാണ്  കപ്പലില്‍ ഉള്ളത്.  കപ്പല്‍  നിയന്ത്രണം വിട്ടൊഴുകുകയാണ്. ഇനിയും സ്ഫോടനസാധ്യതയുള്ളതിനാല്‍ മറ്റ് കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  രക്ഷപ്രവര്‍ത്തനത്തിന് തീരസേനയുടെ മൂന്ന് കപ്പലുകള്‍ ശ്രമം തുടരുന്നു. കണ്ണൂരില്‍ കടല്‍വെള്ളം  പരിശോധിക്കുന്നു. മലിനീകരണനിയന്ത്രണ ബോര്‍ഡിന്‍റെ േനതൃത്വത്തിലാണ് പരിശോധന

കപ്പലില്‍ അമ്പതോളം കണ്ടെയ്നര്‍ ഉണ്ടെന്ന് മന്ത്രി വി.എന്‍.വാസവന്‍ പ്രതികരിച്ചു. കണ്ടെയ്നറുകള്‍ക്കുള്ളിലെ വസ്തുക്കളെപ്പറ്റി വിവരം ലഭ്യമല്ലെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. കപ്പലില്‍ പൊട്ടിത്തെറി ഉണ്ടായെന്നും അതിനുശേഷം കണ്ടെയ്നറുകള്‍ കടലില്‍ വീഴുകയായിരുന്നുവെന്നും ബേപ്പൂര്‍ പോര്‍ട്ട് ഓഫിസര്‍ ഹരി അച്യുത വാര്യര്‍ പറഞ്ഞു. കപ്പലില്‍ അപകടരമായ വസ്തുക്കള്‍ ഉണ്ടെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

കപ്പലില്‍ അപകടകരമായ രാസവസ്തുക്കള്‍

കപ്പലില്‍ അപകടകരവും തീപിടിക്കാവുന്നതുമായ ദ്രാവകങ്ങളും മനുഷ്യ ആരോഗ്യത്തിന് ഹാനികരമാകാവുന്ന രാസവസ്തുക്കളും ഉണ്ടെന്നാണ് പ്രാഥമിക വിവരം. സ്വയം തീപിടിക്കാവുന്ന വസ്തുക്കള്‍ കപ്പലില്‍ ഉള്ളതായി കണ്ണൂര്‍ അഴീക്കല്‍ പോര്‍ട് ഓഫിസര്‍ മനോരമ ന്യൂസിനോടു പറ‍ഞ്ഞു.  

കപ്പലുകളില്‍ കൊണ്ടുപോകുന്ന അപകടകരമായ വസ്തുക്കളെ ഒന്‍പത് വിഭാഗങ്ങളിലായാണ് തരംതിരിച്ചിട്ടുള്ളത്. ഇതില്‍ ക്ലാസ് 3, 4.1, 4.2, 6.1 തരങ്ങളിലുള്ള വസ്തുക്കളാണ് വാന്‍ ഹായി 503  കപ്പലിലുള്ളത്. തീപിടിപ്പിച്ചാല്‍ കത്തുന്ന ദ്രാവകങ്ങളാണ് ഇതില്‍ ആദ്യത്തേത്. ഉദാഹരണം പെട്രോള്‍, ഡീസല്‍, അസറ്റോണ്‍, എത്തനോള്‍ എന്നിവ പോലെ. ഘര്‍ഷണത്തില്‍ സ്വയം തീപിടിക്കാവുന്നവ ആണ് അടുത്ത വിഭാഗമായ 4.1. സള്‍ഫര്‍, തീപ്പെട്ടി, കാല്‍സ്യം കാര്‍ബൈഡ്, കര്‍പ്പൂരം, ഫോസ്ഫറസ് എന്നിവ പോലെ. വായുസ്പര്‍ശമുണ്ടായാലോ കത്തിച്ചാലോ പെട്ടെന്ന് തീപിടിക്കുന്നവയാണ് 4.2 വിഭാഗം. വെള്ള ഫോസ്ഫറസ്, പഞ്ഞി, പഞ്ചസാര, വൈക്കോല്‍ എന്നിവ പോലെ. ശ്വസിച്ചാലോ സ്പര്‍ശിച്ചാലോ ഹാനികരമാവുന്നവയാണ് അടുത്ത വിഭാഗമായ 6.1. അര്‍സനിക്, ഈയം, കീടനാശിനികള്‍, ക്ലോറോഫോം, നിക്കോട്ടീന്‍, ബേറിയം എന്നിവ ഈ വിഭാഗത്തില്‍പെടും. 

ഇതില്‍ ഏതൊക്കെ കണ്ടെയിനറുകളില്‍ ഉണ്ടായിരുന്നുവെന്നതിന്റെ പട്ടിക  ഷിപ്പിങ് കമ്പനിയുടെയും കസ്റ്റംസിന്റെയും കൈവശം ഉണ്ടാവും. പക്ഷേ കൊച്ചി തീരത്ത് മുങ്ങിയ എം.എസ്.സി എല്‍സ കപ്പലിലേത് എന്നപോലെ പൂര്‍ണവിവരങ്ങള്‍ പുറത്തുവരാന്‍ വൈകുമെന്നു മാത്രം.   

സംസ്ഥാനം അതീവ ജാഗ്രതയില്‍

മൂന്നാഴ്ചക്കിടെ രണ്ടാമത്തെ കപ്പല്‍ അപകടം കേരള തീരത്തോട് ചേര്‍ന്നുണ്ടായതോടെ സംസ്ഥാനം അതീവ ജാഗ്രതയില്‍ . സംസ്ഥാനത്തിന് പരിചിതമല്ലാത്ത ആദ്യകപ്പല്‍ അപകടത്തിന്‍റെ അന്വേഷണം തുടങ്ങി  തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ അപകടം. വിഴിഞ്ഞം തുറമുഖത്തോടെ ലോകോത്തെ ഭീമന്‍ കപ്പലുകള്‍ കേരളത്തിലേക്ക് വരുന്നതിന്‍റെ അവേശത്തിനിടയിലും കപ്പല്‍ അപകടങ്ങള്‍ സംസ്ഥാനത്തെ  തീരദേശത്തിനു ആശങ്കയുണ്ടാക്കുന്നതാണ്

കൊച്ചിയിൽ നിന്നും 38 നോട്ടിക്കൽ മൈൽ അകലെ എം എസ് സി എൽസ 3 കപ്പൽ ചരിഞ്ഞത്  കഴ‍ിഞ്ഞമാസം  24നാണ് .25ന് കപ്പൽ പൂർണ്ണമായും മുങ്ങി.  കപ്പലിലെ  643 കണ്ടെയ്നറുകളില്‍ നൂറോള എണ്ണം കടലില്‍ പതിക്കുകയും ബാക്കി കപ്പലിനൊപ്പം മുങ്ങുകയും ചെയ്തു. രണ്ടു ദിവസത്തിനകം കണ്ടയ്നറുകള്‍ കൊല്ലം ഉള്‍പ്പടെയുള്ള തെക്കന്‍  തീരങ്ങളില്‍ എത്തിയിരുന്നു . തീരദേശത്തിന്‍റെ ആശങ്കക്കിടെ   73 കണ്ടയ്നറുകളില്‍ അപകടരമായ വസ്തുക്കളായിരുന്നുവന്ന് വിവരവും പുറത്ത് വന്നു. ഇതേപ്പറ്റിയുള്ള പഠനത്തിന്നിയോഗിച്ച ഉദ്യോഗസ്ഥ സമിതി പ്രാഥമിക റിപ്പോര്‍ട്ട് പോലും തയ്യാറാക്കുന്നതിന് മുന്‍പാണ് സംസ്ഥാനത്തെ  ഞെട്ടിച്ച രണ്ടാമത്തെ അപകടം. 

ബേപ്പൂര്‍ തീരത്തോട് ചേര്‍ന്ന് തീപിടിച്ച കപ്പല്‍ ഏതെങ്കിലും തരത്തില്‍ കേരളത്തിനു  ആഘാചമുണ്ടാക്കുമെന്ന്ദുരന്തനിവാരണ അതോറിറ്റി ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.  ഏതെങ്കിലും തരത്തില്‍ പ്രത്യേക ജാഗ്രത വേണമെങ്കില്‍ അറിയിക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമായതിന് ശേഷം കേരള തീരത്തോട് ചേര്‍ന്നുള്ള രാജ്യന്തര കപ്പല്‍ പാതിയുടെ കൂടുതല്‍ കപ്പലുകള്‍ സഞ്ചരിക്കുന്നുണ്ട്. ലോകത്ത് തന്നെ അപൂര്‍വമായി സംഭവിക്കുന്ന കപ്പല്‍ അപകടങ്ങള്‍  കൊച്ചുകേരളത്തോട് ചേര്‍ന്ന് അടുത്തടുത്ത് സംഭവിച്ചത് ആശങ്കക്കിടയാക്കുന്നു. 

ENGLISH SUMMARY:

​Singapore-flagged container vessel catches fire off Kerala coast, 2 crew sustain severe burns, 4 missing