സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിലായി അഞ്ച് മരണം. തൃശൂര്‍ കറുകുറ്റിയിലും കോട്ടയത്തും രണ്ടുപേര്‍ വീതം മരിച്ചു. കോട്ടയം ഉഴവൂരില്‍ ഭാര്യയെ വിമാനത്താവളത്തിലാക്കി മടങ്ങിയയാളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളച്ചാട്ടത്തില്‍ വീണും തൃശൂരില്‍ ഒരാള്‍ മരിച്ചു.
വിദേശത്തുപോയ ഭാര്യയെ വിമാനത്താവളത്തിലാക്കി മടങ്ങിയ ഭർത്താവാണ് മണിക്കൂറുകൾക്കുള്ളിൽ വാഹനാപകടത്തിൽ മരിച്ചത്. കോട്ടയം വെളിയന്നൂര്‍ സ്വദേശി അരുണ്‍ ഗോപിക്കായിരുന്നു ദാരുണാന്ത്യം. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് അരുണ്‍ വിദേശത്തുനിന്ന് നാട്ടിലെത്തിയത്. ഉഴവൂരില്‍വച്ച് അരുൺ ഓടിച്ചിരുന്ന ബൈക്ക് നിർത്തിയിട്ടിരുന്ന മിനി ലോറിയിൽ ഇടിക്കുകയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുമ്പോളായിരുന്നു കറുകുറ്റി അപ്പോളോ ആശുപത്രിയിൽ കാന്‍റീന്‍ ജീവനക്കാരായ യുവാക്കള്‍ മരിച്ചത്. തൃശൂർ കയ്പമംഗലം സ്വദേശി ഇരുപത്തിമൂന്നുകാരൻ ഭരത്, തിരുവനന്തപുരം സ്വദേശി ഇരുപതുകാരൻ ഉത്ത്രജ്, എന്നിവരുടെ ബൈക്കാണ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം.
പാലാ കുറിഞ്ഞിക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞും യുവാവ് മരിച്ചു. താഴത്തുവടകര ചില്ലാക്കുന്ന് സ്വദേശി സജിത്താണ് മരിച്ചത്. പരുക്കേറ്റ കങ്ങഴ സ്വദേശികളായ മൂന്നു യുവാക്കൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാലാ തൊടുപുഴ റോഡിൽ പുലർച്ചെ മൂന്നിനായിരുന്നു അപകടം. കാറിന്‍റെ പിൻസീറ്റിൽ ഇരിക്കുകയായിരുന്നു സജിത്ത്. തൊടുപുഴ ഭാഗത്ത് നിന്നുവന്ന കാര്‍ മതിലിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടകാരണമെന്ന് സംശയിക്കുന്നു.
കണ്ണൂര്‍ ചെറുകുന്ന് പുന്നച്ചേരിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ എന്‍ജീനീയറിങ് സെക്ഷന്‍ ജീവനക്കാരനായ സജിത്ത് ബാബുവാണ് മരിച്ചത്. നിയന്ത്രണം വിട്ട ജീപ്പ് ബൈക്കിലിടിയ്ക്കുകയായിരുന്നു. ഏഴോം മേലതിയടം സ്വദേശിയാണ് സജിത്ത് ബാബു. ദിവസങ്ങള്‍ക്ക് മുമ്പ് കാറും ബൈക്കും കൂട്ടിയിടിച്ച് കവണിശേരി സ്വദേശി രജീഷ് മരിച്ച അതേ സ്ഥലത്താണ് വീണ്ടും അപകടമുണ്ടായത്.
തൃശൂര്‍ ചെമ്പൂത്ര പട്ടത്തിപ്പാറയില്‍ തടയണയിൽ നിന്ന് കാൽവഴുതി വെള്ളച്ചാട്ടത്തിൽ വീണ് പരുക്കേറ്റ പതിനേഴുകാരന്‍ മരിച്ചു. വടൂക്കര സ്വദേശി ഷമീറിന്റെ മകൻ ഷഹബിനാണ് രാവിലെ മരിച്ചത്. വെള്ളച്ചാട്ടത്തിനു മുകളിൽ നില്‍ക്കുമ്പോള്‍ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് നാലു മണിയോടെയായിരുന്നു അപകടം.