ഏതു നിമിഷവും തകർന്നു വീഴാവുന്ന വീട്ടിൽ പകച്ചു കഴിയുകയാണ് 80 വയസ്സു പിന്നിട്ട ദമ്പതികൾ. നാട്ടുകാരാണ് തൃശൂർ ചാലക്കുടി സ്വദേശികളായ ഇവര്‍ക്ക് സഹായത്തിനായുള്ളത്. ദുരിതക്കയത്തിലും സ്വന്തമായി വീടെന്ന സ്വപ്നമാണ് ദമ്പതികളെ മുന്നോട്ട് കൊണ്ടുപോകുന്നത്.
ഒറ്റമുറി വീട്ടിലാണ് തങ്കയും ഭർത്താവ് മണിയും വര്‍ഷങ്ങളായിട്ട് താമസം. ഓരോ മഴയെത്തുമ്പോഴും ഇരുവരുടെയും മനസ്സിൽ ഇടിത്തീ വീഴും. രണ്ടു വർഷം മുമ്പ് വീടിൻറെ ഒരു ഭാഗം തകർന്നു വീണപ്പോൾ തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. പ്രായാധിക്യം അലട്ടുമ്പോഴും പുതിയ വീടിന്‍റെ പണി പൂർത്തിയാക്കി മാറിത്താമസിക്കണം എന്നതാണ് ഇരുവരുടെയും ആഗ്രഹം. അതിനാകട്ടെ രണ്ടു ലക്ഷം രൂപയെങ്കിലും വേണം. കരുണയുടെ കരങ്ങൾ തങ്ങളുടെ നേർക്ക് നീളുമെന്ന പ്രതീക്ഷയാണ് ഇരുവരെയും മുന്നോട്ടു നയിക്കുന്നത്.
സാമൂഹ്യ പെൻഷൻ മാത്രമാണ് നിലവില്‍ ദമ്പതികളുടെ ഏകാശ്രയം. അതാകട്ടെ കൃത്യമായി കിട്ടാറില്ല. കിട്ടുന്നത് അന്നന്നത്തെ അന്നത്തിനു മാത്രമേ തികയുകയുള്ളു.
ടാർപോളിനും ചാക്കും വലിച്ചുകെട്ടിയ കുഞ്ഞു മുറിയെ വീടെന്നു വിളിക്കാമെങ്കിൽ തങ്കയ്ക്കും മണിക്കും വീടുണ്ടെന്ന് നമുക്ക് പറയാം. ഇല്ലെങ്കിൽ ഈ കൂരയ്ക്കു മുകളിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന പടുകൂറ്റൻ മരങ്ങളോടു നമുക്ക് പ്രാർഥിക്കാം, ഇവർക്ക് രക്ഷ നൽകണേയെന്ന്. എന്നാ മാത്രമേ സ്വന്തം വീടെന്ന സ്വപ്നം കാണാൻ ഇനിയും അവർക്കു കഴിയുകയുള്ളു. ആ സ്വപ്നം യാഥാർഥ്യമാകാൻ നമുക്ക് കാത്തിരിക്കാം.