മലപ്പുറം വഴിക്കടവ് വെള്ളക്കട്ടയിൽ വൈദ്യുതി മോഷ്ടിച്ച് ഫെൻസിങ് സ്ഥാപിച്ചതിന്‍റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന്. വൈദ്യുതി ലൈനിൽ നിന്ന് മുള ഉപയോഗിച്ചായിരുന്നു വൈദ്യുതി മോഷണം. കെ.എസ്.ഇ.ബിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്ന് പ്രദേശവാസി ശ്യാം മനോരമ ന്യൂസിനോട് പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ കള്ളത്തരത്തിന് സർക്കാരിനെ പഴിക്കുന്നത് എന്തിനാണെന്നായിരുന്നു മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ ചോദ്യം
വൈദ്യുതി മോഷ്ടിച്ച് കെട്ടിയ കമ്പിയിൽ തട്ടിയാണ് ഇവിടെ വച്ച് അനന്ദു മരിക്കുന്നത്. പന്നിയെ പിടിക്കാൻ ഒരുക്കുന്ന കെണിയിൽ മോഷണവുമുണ്ട്. ഇൻസുലേഷനില്ലാത്ത കമ്പികൾ ഉപയോഗിച്ചാണ് ലൈൻ വലിച്ചിരിക്കുന്നത്. പക്ഷേ ഈ മോഷണ പരാതിയിൽ കെ.എസ്.ഇ.ബി അനങ്ങിയില്ല. പന്നികളെ വെടിവയ്ക്കാനുള്ള അധികാരം പഞ്ചായത്ത് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി, ഒപ്പം കെ.എസ്.ഇ.ബിയ്ക്കെതിരെ ഉയർന്ന പരാതി അന്വേഷിക്കുമെന്നും മന്ത്രി.
കാർഷിക വിള സംരക്ഷണത്തിനായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ അപേക്ഷ നൽകി അനുമതിയോടെയുള്ള വൈദ്യുതി വേലി മാത്രമേ സ്ഥാപിക്കാവൂ എന്നാണ് ചട്ടം. വൈദ്യുത വേലികൾക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003ലെ ഇലക്ട്രിസിറ്റി നിയമം പ്രകാരം നിയമവിരുദ്ധവും 3 വർഷം വരെ തടവു കിട്ടാവുന്ന കുറ്റവുമാണ്.