rajbhavan-decision

ഭാരതാംബ  വിവാദം അവഗണിച്ച് മുന്നോട്ട് പോകാന്‍ രാജ്ഭവന്‍റെ തീരുമാനം. രാജ്ഭവനില്‍ കൂടുതല്‍ പ്രഭാഷണങ്ങളും ചടങ്ങുകളും സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. വിവാദങ്ങളില്‍ പ്രതികരിക്കാതെ ഒഴിഞ്ഞു നില്‍ക്കുകയാണ് സര്‍ക്കാര്‍. 

RSS വക്താവും ചിന്തകനുമായ എസ് ഗുരുമൂര്‍ത്തിയുടെ പ്രഭാഷണം രാജ്ഭവനില്‍ പുതിയ രീതി തുറന്നു. ഇതോടൊപ്പമാണ് RSS വേദികളിലെ കാവിക്കൊടിയേന്തിയ ഭരതാംബയുടെ ചിത്രവും രാജ്ഭവന്‍വേദിയില്‍പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തില്‍  കൂടുതല്‍ പ്രഭാഷണങ്ങള്‍ക്കും ചടങ്ങുകള്‍ക്കും രാജ്ഭവന്‍വേദിയാക്കുന്നതും സജീവ പരിഗണനയിലാണ്. സ്വാഭാവികമായും സംഘപരിവാര്‍ സംഘടനകള്‍ക്കും ചിന്തകര്‍ക്കും മുന്‍ഗണന ലഭിക്കുകയും ചെയ്യും. ആരിഫ് മുഹമ്മദ്ഖാന്‍രെ കാലത്ത് രാജ്ഭവനിലെ നിയമനങ്ങളില്‍പോലും രൂക്ഷമായി പ്രതികരിച്ചിരുന്ന സര്‍ക്കാര്‍,  രാജേന്ദ്ര അര്‍ലേക്കര്‍ വന്നശേഷം സൂക്ഷിച്ചും കണ്ടുമാണ് പ്രതികരണം. 

ഗവര്‍ണരെ പിണക്കാനില്ല ,രാജ്ഭവനിലെ രീതികള്‍ എന്തായാലും അങ്ങിനെ പോകട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണര്‍ക്കെതിരെ സിപിഐയുടെ കടുത്ത നിലപാടുകളോട് താല്‍പര്യമില്ലെങ്കിലും അതെ കുറിച്ച് മുഖ്യമന്ത്രി ഇതു വരെ  പ്രതികരിച്ചിട്ടില്ല.  കാവിക്കൊടിയേന്തിയ  ഭാരംതാംബ ചിത്രത്തെ മുന്‍നിറുത്തി പരിസ്ഥിതി ദിനാഘോഷത്തില്‍ നിന്ന് കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും വിട്ടുനിന്നതിന് തുടര്‍ച്ചയായി ദേശീയ പതാക ഉയര്‍ത്തി നിലപാട് കടുപ്പിച്ചിരിക്കുകയാണ് സിപിഐ.  സിപിഐ വരും ദിവസങ്ങളില്‍ ഇതുമായി മുന്നോട്ട് പോയാലും സര്‍ക്കാരും മുഖ്യമന്ത്രിയും പരസ്യ പ്രതികരണത്തിന് തയ്യാറായേക്കില്ല. 

ENGLISH SUMMARY:

Raj Bhavan decides to move forward ignoring the 'Bharatamba' controversy. Plans are underway to organize more lectures and events at the Raj Bhavan. The government is choosing to stay away from the controversy without responding.