മലപ്പുറം വഴിക്കടവിൽ പന്നിക്കെണിയിൽപ്പെട്ട് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി അനന്ദു മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കെണിവച്ച വഴിക്കടവ് സ്വദേശി വിനീഷാണ് അറസ്റ്റിലായത്. വിനീഷ് മൃഗങ്ങളെ വേട്ടയാടി ഇറച്ചി വില്‍ക്കുന്നയാളാണ്. വൈദ്യുതിക്കെണി നായാട്ടിന് വച്ചതെന്നും ഇറച്ചിക്കായെന്നും പ്രതിയുടെ മൊഴി. മനഃപൂര്‍മല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പുലര്‍ച്ചെ വീട്ടില്‍നിന്ന് രക്ഷപെടാന്‍ ശ്രമിച്ച വിനീഷിനെ ഓടിച്ചിട്ട് പിടികൂടിയെന്ന് ഡിവൈഎസ്പി പറഞ്ഞു. വിനീഷിന് മറ്റുകേസുകളില്ല. ഇന്ന് കോടതിയില്‍ ഹാജരാക്കും. മറ്റൊരാളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മരിച്ച അനന്ദുവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വൈദ്യുതി മോഷണം ചൂണ്ടിക്കാട്ടി ആറുമാസം മുന്‍പ് പരാതി നല്‍കിയിരുന്നു. പരാതിപ്പെട്ടിട്ടും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്നും ആരോപണം.
അതേസമയം, പന്നിക്കെണിയിലെ മരണം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ വിഷയമായിരിക്കുകയാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുക്കിയ വിവാദമെന്ന ആരോപണവുമായി വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ രംഗത്തെത്തി. അപകടം നാട്ടുകാര്‍ അറിയും മുന്‍പേ നിലമ്പൂരിലെ യുഡിഎഫ് അറിഞ്ഞു. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കും. നിലമ്പൂരില്‍ യുഡിഎഫിന് വിഷയദാരിദ്യമെന്നും പ്രചാരണത്തെ ഉണര്‍ത്താന്‍ വിവാദം ഉണ്ടാക്കിയോ എന്ന സംശയത്തിന് യുക്തിയുണ്ടെന്നും എ.കെ.ശശീന്ദ്രന്‍. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ എന്ന മട്ടില്‍ വനംവകുപ്പിനെ പഴിചാരുന്നുവെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
വെള്ളക്കട്ടയിലെ വിദ്യാർഥിയുടെ മരണത്തിൽ രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എല്‍ഡിഎഫിനെ കടന്നാക്രമിക്കാന്‍യുഡിഎഫ് ദാരുണമായ കാര്യങ്ങള്‍ ഉപയോഗിക്കുന്നു. അപകടമുണ്ടാക്കാന്‍ ബോധപൂര്‍വം നടത്തിയ പ്രവൃത്തിയാണിത്. പ്രതിയുടെ ഫോണ്‍രേഖകള്‍ പരിശോധിച്ചാല്‍ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. അപകടം നടന്നയുടന്‍ എല്‍ഡിഎഫ് നേതാക്കളുടെ വാഹനം തടയുന്നത് എങ്ങനെയാണ്. യുഡിഎഫ് പ്രതിേഷധം സ്വഭാവികമാണെന്ന് ആരും ധരിക്കേണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.