കാറപകടത്തിൽ പരുക്കേറ്റ നടൻ ഷൈന്‍ ടോം ചാക്കോയ്ക്ക് തിങ്കളാഴ്ച വൈകിട്ട് ശസ്ത്രക്രിയ. പിതാവ് ചാക്കോയുടെ സംസ്കാരത്തിനു ശേഷമാകും ശസ്ത്രക്രിയ. തിങ്കളാഴ്ച രാവിലെ പത്തരയ്ക്കാണ് സംസ്കാരം.
നടൻ ഷൈനും അമ്മയും തൃശൂർ സൺ ആശുപത്രിയിൽ ചികിൽസയിൽ തുടരുകയാണ്. ഷൈനിന്‍റെ ഇടതു കൈയ്ക്ക് മുട്ടിന് മുകളിലായി മൂന്നു പൊട്ടലുണ്ട്. അമ്മയുടെ ഇടുപ്പെല്ലിനാണ് പൊട്ടല്‍. ഷൈനിന് ശസ്ത്രക്രിയ നിർബന്ധമാണ്. പിതാവ് ചാക്കോയുടെ സംസ്കാര ശേഷം ശസ്ത്രക്രിയ മതിയെന്ന കുടുംബത്തിന്‍റെ ആവശ്യം ഡോക്ടർമാർ അംഗീകരിച്ചു. ഷൈനിന് ശസ്ത്രക്രിയ കഴിഞ്ഞാൽ മൂന്നു ദിവസം കൊണ്ട് ആശുപത്രി വിടാം. പക്ഷേ, അമ്മ രണ്ടു മാസം പൂര്‍ണമായും വിശ്രമിക്കേണ്ടി വരും.
ആയാസമില്ലാത്ത ജോലികള്‍ ഷൈനിന് ആറാഴ്ചത്തേയ്ക്കു ശേഷം ചെയ്യാന്‍ കഴിയുമെന്ന് ചികില്‍സിക്കുന്ന ഡോക്ടര്‍ സുജയ് നാഥ് പറഞ്ഞു.
ഷൈനിന്‍റെ അമ്മയെ സ്ട്രക്ചറിൽ വേണം ചാക്കോയുടെ സംസ്കാര ചടങ്ങിന് എത്തിക്കാൻ. തിങ്കളാഴ്ച രാവിലെ ഷൈനിനേയും അമ്മയേയും വീട്ടില്‍ എത്തിക്കും. ചികില്‍സയില്‍ കഴിയുന്ന ഷൈനിനെ കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടന്‍മാരായ ടൊവിനോ, സൗബിന്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.