പനിബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു വയസ്സുകാരന് നല്‍കിയത് 72കാരനുളള മരുന്നെന്ന് കുടുംബത്തിന്റെ പരാതി. പാലക്കാട് അഗളി ജെല്ലിപ്പാറ ധോണികുണ്ട് കേഴപ്ലാക്കൽ കെ.ബി.അനിൽകുമാർ ജില്ലാ മെഡിക്കൽ ഓഫിസർക്കു നൽകിയ പരാതിയിൽ പറയുന്ന കാര്യമാണിത്.  അനിൽകുമാറിന്റെ മകന്റെ ഒരു വയസ്സുള്ള മകൻ ഇവാനെ രണ്ടിനു കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അസുഖം ഭേദമായെന്നു പറഞ്ഞ് ഇന്നലെ വീട്ടിലേക്കയച്ചു. വീട്ടിലെത്തി മരുന്നു കൊടുത്തയുടൻ കുട്ടി മയക്കത്തിലായി. കുട്ടിയെ ഉടനെ അഗളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി.

72 വയസ്സുകാരന്റെ രക്തപരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു മരുന്നു നൽകിയതെന്നു അനിൽകുമാറിന്റെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം  വൈകിട്ടോടെ ആശുപത്രി വിട്ടു. കോട്ടത്തറ ആശുപത്രിയിൽ നിന്നു നൽകിയ ഡിസ്ചാർജ് രേഖയോടൊപ്പം ലഭിച്ച രക്തപരിശോധനാ റിപ്പോർട്ട് 72 വയസ്സുള്ള രോഗിയുടേതാണ്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒരു വയസ്സുള്ള കുട്ടിക്കു മരുന്നു കുറിച്ചതെന്നു കരുതുന്നതായി പരാതിയിൽ പറയുന്നു.

അതേസമയം, പനിയും വിളർച്ചയും തൂക്കക്കുറവുമുള്ള അവസ്ഥയിലായിരുന്ന കുട്ടിയെ ചികിത്സ നൽകി ഇന്നലെ ഡിസ്ചാർജ് ചെയ്തെന്നും 72 വയസ്സുകാരന്റെ രക്തപരിശോധനാ റിപ്പോർട്ട് കുട്ടിയുടെ ഡിസ്ചാർജ് രേഖയോടൊപ്പം മാറിപ്പോയതാണെന്നും ചികിത്സയിൽ പിഴവു സംഭവിച്ചിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.പത്മനാഭൻ പറഞ്ഞു.

ENGLISH SUMMARY:

The family has lodged a complaint stating that a one-year-old child undergoing treatment for fever was given medication meant for a 72-year-old. This was mentioned in the complaint submitted by K.B. Anilkumar of Kezaplackal, Dhonikund, Jellippara, to the District Medical Officer.