കോഴിക്കോട് താമരശ്ശേരിയില്‍ കൂണ്‍ പാകം ചെയ്ത് കഴിച്ച ആറുപേര്‍ക്ക് ഭക്ഷ്യവിഷബാധ. പൂനൂര്‍ സ്വദേശികളായ അബൂബക്കറിനും കുടുംബത്തിനും ആണ് വിഷബാധയേറ്റത്. വിഷക്കൂണ്‍ ആണ് കഴിച്ചതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസം വൈകിട്ട് അറഫാ നോമ്പുതുറ സമയത്ത് പറമ്പില്‍ നിന്നും ശേഖരിച്ച കൂണ്‍ പാകം ചെയ്ത് കഴിക്കുകയായിരുന്നു.
അബൂബക്കർ (67), ഷബ്ന (36), സൈദ (30), ഫിറോസ് (42), ദിയ ഫെബിൻ (17), മുഹമ്മദ് റസൻ (12) എന്നിവരാണ് ദേഹാസ്വാസ്ഥ്യം മൂലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയ്ക്കു ശേഷം കുടുംബം വീട്ടിലേക്ക് മടങ്ങി.
ഇന്നലെ രാത്രി കൂൺ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റത് നോമ്പ് തുറക്കുന്നതിനായി അത്താഴത്തോടൊപ്പം കഴിക്കാൻ പാകം ചെയ്ത് വെച്ച കൂൺ രുചിച്ചു നോക്കിയപ്പോഴാണെന്ന് കുടുംബം പറയുന്നു. വളരെ കുറഞ്ഞ അളവിൽ മാത്രമാണ് രാത്രി ഇവർ കൂൺ രുചിച്ചു നോക്കിയത്, ഉടൻ തന്നെ ചർദ്ദി തുടങ്ങിയതിനാൽ ആശുപത്രിയിൽ എത്തിച്ചു.
രുചി നോക്കിയ സമയത്തു തന്നെ ചർദ്ദി വന്നതിനാൽ ഇവർ ശരിക്കും രക്ഷപ്പെടുകയായിരുന്നു. തയ്യാറാക്കി വെച്ച കൂൺ അത്താഴത്തോടൊപ്പം പൂർണമായും കഴിച്ചാൽ ജീവൻ തന്നെ അപകടത്തിലാവുമായിരുന്നു. ഫിറോസിന്റെ വീടിനു പിന്നിലെ പറമ്പിൽ നിന്ന് ശേഖരിച്ച കൂൺ പാകം ചെയ്ത ശേഷം സമീപത്തെ സഹോദരന്റെ വീട്ടിലേക്കും നൽകുകയായിരുന്നു, അവരും രുചിച്ചു നോക്കി ബാക്കി അത്താഴത്തിനായി മാറ്റിവെച്ചു, മുമ്പും വീട്ടിലെ പറമ്പിൽ നിന്നും കൂൺ ശേഖരിച്ച് ഇവർ പാകം ചെയ്ത് കഴിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് വിഷബാധ ഏൽക്കുന്നതെന്നും കുടുംബം പറയുന്നു.
സാധാരണയായി പറമ്പുകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന കൂണുകള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഭക്ഷ്യവിഷബാധ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം അവയില്‍ ഉള്ള ചില വിഷാംശങ്ങളാണ്. ചില കൂണുകൾ പ്രകൃതിദത്തമായി തന്നെ വിഷമുള്ളവയാണ്. പ്രധാനമായും അമാനിതാ ഫാലോയിഡ്സ് (Amanita phalloides) പോലുള്ള കൂണുകൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട്.
വിഷമുള്ള കൂണുകൾ കഴിച്ചാൽ കുറച്ച് മണിക്കൂറിനുള്ളില്‍ വയറുവേദന, ഛർദ്ദി, അതിസാരം, ക്ഷീണം തുടങ്ങി നിരവധി ലക്ഷണങ്ങൾ കാണാം. വിഷാംശമുള്ളവ ചിലപ്പോള്‍ കരളിനെയും വൃക്കയെയും തകര്‍ക്കാനും ജീവന്‍ അപകടത്തിലാക്കുന്ന സ്ഥിതിയിലേക്കും നയിക്കും.
വിശ്വസിക്കാവുന്ന ഉറവിടങ്ങളിൽ നിന്നുള്ള കൂണുകൾ മാത്രം ഭക്ഷണമായി ഉപയോഗിക്കണം. കൃഷി ചെയ്ത കൂണുകൾ ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് ഏറ്റവും സുരക്ഷിതമായ വഴിയാണ്. കാട്ടിൽ നിന്നും പറമ്പുകളില്‍ നിന്നും അറിയാതെ ശേഖരിക്കുന്ന കൂണുകൾ ഭക്ഷിക്കരുത്. മഴക്കാലത്ത് പലപ്പോഴും കൂണുകൾ കൂടുതലായി വളരുന്ന സാഹചര്യമുള്ളതിനാല്‍ തന്നെ ജാഗ്രത അനിവാര്യമാണ്.