പ്രധാന ഹാളിലെ വേദിയില്‍ സ്ഥാപിച്ച ഭാരതമാതാവിന്റെ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് കൃഷിവകുപ്പിന്റെ രാജ്ഭവനിലെ പരിസ്ഥിതിദിന പരിപാടി ഉപേക്ഷിച്ചു. ചിത്രം മാറ്റാന്‍ കൃഷിവകുപ്പ് അഭ്യര്‍ഥിച്ചെങ്കിലും ഗവര്‍ണര്‍ അത് തള്ളി. തുടര്‍ന്ന് പരിപാടി സെടക്രട്ടേറിയറ്റിലേക്ക് മാറ്റി. പരിസ്ഥിതിദിന പരിപാടി രാജ്ഭവന്‍ സ്വന്തംനിലയ്ക്ക് നടത്തും.
അതേസമയം, രാജ്ഭവന്‍ ചെയ്യുന്ന ഭരണഘടനാവിരുദ്ധമായ കാര്യങ്ങള്‍ ഉള്‍കൊള്ളാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് കൃഷിമന്ത്രി പി.പ്രസാദ് പ്രതികരിച്ചു. രാജ്ഭവനില്‍ ഉണ്ടായിരുന്നത് ആര്‍എസ്എസ് ഉപയോഗിക്കുന്ന ഭാരതമാതാവിന്‍റെ ചിത്രം. പൊതുപരിപാടികള്‍ക്ക് ഉപയോഗിക്കുന്ന ഭാരതമാതാവിന്‍റെ ചിത്രം ആയിരുന്നില്ല അതെന്നും പി.പ്രസാദ് പറഞ്ഞു.
രാജ് ഭവനില്‍ ആര്‍എസ്എസ് രീതിയില്‍ പരിസ്ഥിതി ദിനാഘോഷം നടത്താന്‍ തീരുമാനിച്ചതിനെ എതിര്‍ത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി. ഭാരതമാതാവിനോട് എല്ലാവര്‍ക്കും ആദരവനാണ്. എന്നാല്‍ ഭാരതമാതാവിന്റെ ആര്‍എസ്എസ് പറയുപോലെ ഒരു മുഖച്ഛായ ഉണ്ടോ എന്നറിയില്ല. അതിനാല്‍ ഭാരതമാതാവിന്‍റെ ചിത്രം വെച്ച് പരിപാടി നടത്തുന്നതിനോട് യോജിപ്പില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. എന്നാല് ഇതിന്‍റെ പേരില്‍ ഗവര്‍ണറുമായി ഒരു പോരിനില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.