കൽക്കണ്ടം എംഡിഎംഎയെന്ന് ആരോപിച്ച് യുവാക്കളെ അറസ്റ്റ് ചെയ്തതിൽ അന്വേഷണം. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറോട് ഡിജിപി നിർദേശിച്ചു. മനോരമ ന്യൂസ് വാർത്തയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടതോടെയാണ് അന്വേഷണം.
ജോലി ആവശ്യത്തിനായി കോഴിക്കോട് എത്തിയ കണ്ണൂർ സ്വദേശി മണികണ്ഠൻ, കാസർകോട് സ്വദേശി ബിജു എന്നിവരെയാണ് ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. കയ്യിലുള്ളത് കൽക്കണ്ടം എന്ന് പറഞ്ഞെങ്കിലും കേൾക്കാൻ ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ല. കുഴഞ്ഞുവീണ മണികണ്ഠൻ മെഡിക്കൽ കോളജിലേക്ക് നാലു ദിവസമാണ് ചികിത്സ നേടിയത്. തുടർന്ന് ജയിലിൽ ആയി ഇരുവരും 151 ദിവസം ഇരുമ്പഴി എണ്ണി. ഒടുവിൽ രാസ പരിശോധന ഫലം വന്നതോടെയാണ് എൻഡിഎംഎ അല്ല, കൽക്കണ്ടം ആണെന്ന് തെളിയുകയും ഇരുവരും മോചിതരായതും.
പുറത്തിറങ്ങിയ ഇരുവരും ലഹരി കേസിലെ പ്രതിയെന്ന ചീത്തപ്പേരിൽ സമൂഹത്തിൽ ഒറ്റപ്പെട്ട്, ജോലിയില്ലാതെ കഴിയേണ്ടി വന്ന ദുരവസ്ഥ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറോട് ഡിജിപി നിർദേശിച്ചു. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗത്തിനെ കൊണ്ട് അന്വേഷിപ്പിക്കണം എന്നാണ് നിർദ്ദേശം. 15 ദിവസത്തിനുള്ളിൽ വരേണ്ട രാസ പരിശോധന ഫലം അഞ്ചുമാസം വൈകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വന്നേക്കും.